'പാലിയേക്കര ടോൾപിരിവ് തൽക്കാലം പുനരാരംഭിക്കില്ല'; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

പാലിയേക്കര ടോൾപിരിവിന് വിലക്ക് തുടരും. ടോൾപിരിവ് തൽക്കാലം പുനരാരംഭിക്കില്ല. ടോൾപിരിവ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. ഹർജി വീണ്ടും ഹൈക്കോടതി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട്‌ സമർപ്പിക്കാൻ NHAI യ്ക്ക് കോടതി നിർദേശം നൽകി.

ഇന്നലെ മുരിങ്ങൂർ അമ്പലൂർ മേഖലയിൽ ബ്ലോക്ക് ഉണ്ടായിരുന്നുവെന്ന് കളക്ടർ കോടതിയെ അറിയിച്ചു. ബ്ലോക്കിന്റെ സമയം കുറഞ്ഞോയെന്ന കോടതിയുടെ ചോദ്യത്തിന് അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ബ്ലോക്ക് ഉണ്ടായിരുന്നുവെന്ന് കളക്ടർ മറുപടി നൽകി. സുരക്ഷാപ്രശ്നങ്ങളെ ലഘൂകരിച്ച് കാണാനാകില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നാണ് NHAI ഹൈക്കോടതിയെ അറിയിച്ചത്.

ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നവീകരണം മന്ദഗതിയില്‍ ആയതിന് പിന്നാലെ വിലക്ക് ഏര്‍പ്പെടുത്തിയ പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹൈകോടതിയുടെ കര്‍ശന ഉപാധികളോടെയാകും ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുകഎന്നറിയിച്ച കോടതി ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു.

45 ദിവസത്തെ വിലക്കിന് ശേഷമാണ് ടോള്‍ പിരിവിന് ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്. തിങ്കളാഴ്ചയാണ് ഇടക്കാല ഉത്തരവ് നൽകുക. തൃശൂര്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ടോള്‍ പിരിവിന് വീണ്ടും വഴിതെളിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുപോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Read more