പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി; അനുമതി നിഷേധിച്ചത് രാഷ്ട്രീയ കളിയെന്ന് രമേശ് ചെന്നിത്തല; പിന്നില്‍ മന്ത്രി റിയാസെന്ന് ഡിസിസി

കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് കോഴിക്കോട്ട് അനുമതി നിഷേധിച്ചതിന് പിന്നില്‍ രാഷ്ട്രീയ കളിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന് മറ്റാരും റാലി നടത്തരുതെന്ന ധാര്‍ഷ്ട്യമാണെന്ന് ആരോപിച്ച ചെന്നിത്തല കോണ്‍ഗ്രസ് റാലി നടത്തുമെന്നും വ്യക്തമാക്കി.

അതേ സമയം കോഴിക്കോട്ടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ചതിന് പിന്നില്‍ മന്ത്രി റിയാസെന്ന് ഡിസിസി ആരോപിച്ചു. റിയാസല്ല മുഖ്യമന്ത്രി പറഞ്ഞാലും റാലിയുമായി മുന്നോട്ടെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ അറിയിച്ചു.

പതിനാറ് ദിവസം മുന്‍പ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് വാക്കാല്‍ അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് അത് നിഷേധിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ കടപ്പുറത്ത് തന്നെ റാലി സംഘടിപ്പിക്കുമെന്നും കെ പ്രവീണ്‍കുമാര്‍ വ്യക്തമാക്കി.