പാലാരിവട്ടം പാലം അഴിമതി: മുഹമ്മദ് ഹനീഷിനെ വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് ഹനീഷ് ഐഎഎസിനെ വീണ്ടും ചോദ്യം ചെയ്യും. റോഡ്‌സ് ആന്‍ ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ തലപ്പത്തുണ്ടായിരുന്ന ആളെന്ന നിലയിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.

ഹനീഷിന് നോട്ടീസ് നല്‍കി വിളിച്ച് വരുത്തിയ ശേഷമാകും ചോദ്യം ചെയ്യല്‍. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിലും ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലും സംശയിക്കുന്നവരുടെ പട്ടികയില്‍ മുഹമ്മദ് ഹനീഷിന്റെ പേരും ഉണ്ടായിരുന്നു. ഒരു തവണ അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യുകയുമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായിട്ടാണ്‌ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തുന്നത്.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട സെക്രട്ടേറിയറ്റിലെ എല്ലാ ഫയലുകളും വിജിലന്‍സ് പരിശോധിച്ചു. ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയുമുണ്ടായി. അതേസമയം മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണറുടെ അനുമതി ലഭിച്ച ശേഷമാകും തുടര്‍നടപടികള്‍.

പാലാരിവട്ടം അഴിമതിക്കേസില്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുമെന്നായിരുന്നു  ഗവര്‍ണറുടെ  പ്രതികരണം.