പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരായ നടപടിയിൽ എജിയോട് ഗവര്‍ണര്‍ അഭിപ്രായം തേടി

പാലാരിവട്ടം  മേൽപാലം  നിര്‍മ്മാണ അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ക്കാനുള്ള വിജിലന്‍സ് അപേക്ഷയില്‍ ഗവര്‍ണര്‍ അഡ്വക്കേറ്റ് ജനറലിനോട് (എജി) അഭിപ്രായം തേടി. രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്താനാണ് ഗവര്‍ണര്‍ എജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷയില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദിനോട് അഭിപ്രായം ആരാഞ്ഞത്.

വിജിലൻസിന്‍റെ അപേക്ഷയിൽ സര്‍ക്കാരിന്‍റെ മെല്ലെപ്പോക്കിൽ വലിയ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് എജിയെ വിളിച്ച് വരുത്താൻ ഗവര്‍ണര്‍ തയ്യാറാകുന്നത്. കേസിൽ നടപടി ഇഴയുന്നതിന് പിന്നിൽ രാഷ്ട്രീയ താൽപര്യവും ഇടപെടലും ഉണ്ടെന്ന ആക്ഷേപവും ശക്തമാണ്. നടപടി നീളുന്നതിൽ സര്‍ക്കാരിനെതിരെ ഹൈക്കോടതി പലതവണ പരമാര്‍ശം നടത്തുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ എജിയെ വിളിച്ച് വരുത്താൻ തീരുമാനിച്ചിട്ടുള്ളത്.

കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി വേണമെന്നും മൂന്ന് മാസം മുമ്പാണ് വിജിലൻസ് കത്ത് നൽതിയത്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം മുന്‍ മന്ത്രിയായ വികെ ഇബ്രാഹിം കുഞ്ഞിനെ കേസില്‍ പ്രതി ചേര്‍ക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി ആവശ്യമാണ്.ഇതിനാലാണ് വിജിലന്‍സ് സംസ്ഥാന സര്‍ക്കാര്‍ മുഖേന ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയത്.