പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിന്റെ പങ്കെന്തെന്ന് വിജിലന്‍സ് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്കെന്തെന്ന് വിജിലന്‍സ് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. പത്ത് ദിവസങ്ങള്‍ക്കകം വിജിലന്‍സ് വിശദീകരണം നല്‍കണമെന്നാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്. മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

നോട്ടുനിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രസ്ഥാപത്തിന്റെ അക്കൗണ്ടിലേക്ക് കൊച്ചിയിലെ രണ്ട് ബാങ്കുകളില്‍ നിന്നും 10 കോടി രൂപ നിക്ഷേപിച്ചുവെന്നും കണക്കില്‍പ്പെടാത്ത ഈ പണത്തിന്റെ കേന്ദ്രം ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അതിനാല്‍ അന്വേഷണം വേണമെന്നുമാണ് ആവശ്യം.

അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ കൈമാറുന്നത് നല്ല കാര്യമാണന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. അതിനിടെ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ടി ഒ സൂരജടക്കമുളള മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അറസ്റ്റിലായി അറുപത് ദിവസത്തിന് ശേഷമാണ് പ്രതികള്‍ പുറത്തുവരുന്നത്. ഇതിനിടെ പാലാരിവട്ടം പാലം ഗുരുതരാവസ്ഥയിലാണെന്ന പഠന റിപ്പോര്‍ട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

ഒന്നാം പ്രതിയും പാലം കരാറുകാരനുമായ ആര്‍ ഡി എസ് ഉടമ സുമിത് ഗോയല്‍, രണ്ടാം പ്രതി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ മുന്‍ അസി. ജനറല്‍ മാനേജര്‍ എം ടി തങ്കച്ചന്‍ നാലാം പ്രതി മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയിരിക്കുന്നത്. കുടുതല്‍ നടപടികളും അറസ്റ്റുകളും ശേഷിക്കുന്നതായി വിജിലന്‍സ് അറിയിച്ച സാഹചര്യത്തില്‍ അന്വേഷണത്തില്‍ യാതൊരു കാരണവശാലും ഇടപെടരുതെന്ന് ഹൈക്കോടതി പ്രതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.