പാലാരിവട്ടം പാലം അഴിമതി കേസ്; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പാലാരിവട്ടം പാലം അഴിമതി കേസിൽ റിമാന്‍ഡിലായ മുൻ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇതോടൊപ്പം നാല് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് വിജിലൻസ് നൽകിയ അപേക്ഷയും കോടതിയുടെ പരിഗണനയ്ക്കെത്തും. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അപേക്ഷകൾ പരിഗണിക്കുന്നത്. റിമാന്‍ഡിലായ ഇബ്രാഹീംകുഞ്ഞ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്

പാലാരിവട്ടംപാലം അഴിമതി കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ ഇന്നലെ വിജിലൻസ് കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കോടതി നടപടികൾ വൈകിയതിനാൽ ജാമ്യാപേക്ഷയിലെ തുടർ നടപടികളുണ്ടായില്ല. തന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. ആരോഗ്യസ്ഥിതിയും ഹർജിയിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്.

ചികിത്സയിലായതിനാൽ മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് കൂടി അടിസ്ഥാനത്തിലായിരിക്കും കസ്റ്റഡി അപേക്ഷയിൽ കോടതി തീരുമാനമെടുക്കുക. കുറ്റകരമായ ഗൂഢാലോചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, അനധികൃത സ്വത്ത് സമ്പാദനം, തുടങ്ങിയ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെയുളളത്.