ഭാരപരിശോധന ഇന്ന് പൂർത്തിയാകും, പാലാരിവട്ടം പാലം വീണ്ടും ജനങ്ങളുടെ മുന്നിലേക്ക്; സന്തോഷമുഹൂർത്തമെന്ന് ഇ. ശ്രീധരൻ

പാലാരിവട്ടം മേൽപ്പാലത്തിലെ ഭാരപരിശോധന ഇന്ന് പൂർത്തിയാകും. പരിശോധനാ റിപ്പോർട്ട് ഉച്ചയോടെ ഡി.എം.ആർ.സി സർക്കാരിന് കൈമാറിയേക്കും. പാലാരിവട്ടം ഫ്‌ളൈഓവറിന്റെ നിർമ്മാണം നാളെ പൂർത്തിയാകുമെന്ന് ഇ ശ്രീധരൻ അറിയിച്ചു. ഡിഎംആർസി നിർമ്മാണം ഏറ്റെടുത്തത് ലാഭം മുന്നിൽ കണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

“ഇത് സന്തോഷ മുഹൂർത്തമാണ്. പാലം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനായി. ഊരാളുങ്കൽ സൊസൈറ്റിക്ക് പ്രത്യേക നന്ദി. പാലം എന്ന് തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്.”- അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയ്ക്കുള്ളിൽ പാലം ആർ ബി ഡി സി കെയ്ക്ക് കൈമാറുമെന്നും ശ്രീധരൻ അറിയിച്ചു.

എല്ലാ രീതിയിലും കേരളത്തിന്‍റെ പഞ്ചവടിപ്പാലമായി മാറിയ പാലാരിവട്ടം പാലം വര്‍ഷങ്ങളുടെ ദുരിതങ്ങള്‍ക്കൊടുവിലാണ് വീണ്ടും ഗതാഗത്തിന് തയ്യാറായത്. കഴിഞ്ഞ നാല് ദിവസമായി നടക്കുന്ന ഭാരപരിശോധനയാണ് ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാവുക. തുടര്‍ന്ന് പരിശോധന റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പിനും റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷനും കൈമാറും. അതിന് ശേഷം ബാക്കിയുള്ളത് അതാവശ്യം മിനുക്ക് പണികള്‍ മാത്രമാണ്. ശനിയാഴ്ച മുതല്‍ എപ്പോൾ വേണമെങ്കിലും സര്‍ക്കാരിന് പാലം തുറന്നുകൊടുക്കാമെന്ന് ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചു.

പാലം പുനര്‍ നിര്‍മ്മാണത്തിന് കരാര്‍ നല്‍കുമ്പോൾ സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 9 മാസത്തിനുള്ളിൽ ജോലി തീര്‍ക്കണം എന്നാണ്. എന്നാല്‍ കരാര്‍ ഏറ്റെടുത്ത ഡിഎംആർസിയും ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് 5 മാസവും 10 ദിവസവും കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഇതും കേരളത്തിന് പുതിയ അനുഭവമായി.

രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിയുടെ പ്രതീകമായി മാറിയ പാലാരിവട്ടം പാലം വീണ്ടും തുറക്കുന്നത് നിയമസഭായ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എന്നതും ശ്രദ്ധേയമാണ്. പാലം അഴിമതിക്കേസില്‍ അടുത്ത് തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് വിജിലന്‍സ്. കേസിലെ അഞ്ചാം പ്രതിയായ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് വീണ്ടും മല്‍സരിക്കുമോ എന്ന കാര്യത്തില്‍ മുസ്ലിം ലീഗ് നിലപാട് വ്യക്തമായിട്ടില്ല. ഇബ്രാഹിം കുഞ്ഞ് മൽസരിച്ചാല്‍ ജില്ലയിലെ പല മണ്ഡലങ്ങളിലേയും വിജയസാദ്ധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ നിലപാട്.