പാലാരിവട്ടം പാലം നിർമ്മാണ കമ്പനിയായ ആർ.ഡി.എസ് കരിമ്പട്ടികയിൽ; സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ഒഴിവാക്കും

പാലാരിവട്ടം പാലം നിർമ്മിച്ച കമ്പനി ആർഡിഎസ് പ്രോജക്റ്റ് ലിമിറ്റഡിനെനെ സർക്കാർ കരിമ്പട്ടികയിൽ പെടുത്തും. പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന്  സർക്കാർ  ഹെെക്കോടതിയിൽ വ്യക്തമാക്കി . കരിമ്പട്ടികയിൽ‌ പെടുത്തുന്നതോടെ ഇനിയുള്ള സർക്കാർ പദ്ധതികളിൽ നിന്നും ആർഡിഎസിനെ പൂർണമായും ഒഴിവാക്കും. ഇതിനുള്ള നടപടികൾ ആരംഭിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു.‌‌

നടപടിയുടെ ആദ്യഘട്ടമായി പുനലൂർ- പൂങ്കുന്നം പാതയുടെ നിർമ്മാണത്തിൽ ആർഡിഎസ് ഉൾപ്പെട്ട കൺസോര്‍ഷ്യത്തെ ഒഴിവാക്കിയതായും സർക്കാർ വ്യക്തമാകുന്നു. ആർഡിഎസ് ഉൾപ്പെട്ട കൺസോർഷ്യത്തെയാണ് കരാറിൽ നിന്ന് ഒഴിവാക്കിയത്. പാലാരിവട്ടം പാലം സംഭവത്തിൽ കമ്പനി വലിയ വീഴ്ച വരുത്തി. ഈ സംഭവത്തിൽ വിജിലൻസ് നടപടി പുരോഗമിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ആർഡിഎസിനെ സർക്കാര്‍ പദ്ധതികളിൽ നിന്ന് ഒഴിവാക്കി. നിലവിൽ കമ്പനിയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പാത നിർമ്മാണം പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. എന്നാൽ പുതിയ പ്രോജക്റ്റുകൾ നൽകില്ലെന്നും കോടതിയിൽ വ്യക്തമാക്കുന്നു.