പാലാരിവട്ടം അഴിമതി കേസ്: അന്വേഷണവുമായി സഹകരിക്കുമെന്ന് ഇബ്രാഹിം കുഞ്ഞ്

പാലാരിവട്ടം അഴിമതി കേസില്‍ വിജിലന്‍സിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രിയും എം.എല്‍.എയുമായി ഇബ്രാഹിം കുഞ്ഞ്. പാലാരിവട്ടം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.വിജിലന്‍സ് ചോദ്യം ചെയ്യുന്നതില്‍ തനിക്ക് വിഷമില്ല. മുന്‍പും തന്നെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നെന്നും മന്ത്രി പറഞ്ഞു.

ഇബ്രാഹിം കുഞ്ഞിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നും അടുത്ത ആഴ്ച ചോദ്യം ചെയ്യുമെന്നുമാണ് വിജിലന്‍സ് അറിയിച്ചത്.2019 ആഗസ്റ്റിലാണ് നേരത്തെ ഇബ്രാഹീംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നത്. നേരത്തെ ഒരു തവണ കേസിലെ സാക്ഷിയെന്ന നിലയില്‍ ഇബ്രാഹിംകുഞ്ഞില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തിരുന്നു. എന്നാല്‍ ക്രിമിനല്‍ ചട്ടം 41 എ പ്രകാരം നോട്ടീസ് നല്‍കി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്താനാണ് വിജിലന്‍സിന്റെ നീക്കം.

ചോദ്യം ചെയ്യല്‍ നടപടികള്‍ക്കായുള്ള ചോദ്യാവലി തയ്യാറാക്കല്‍ അടക്കമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും വിജിലന്‍സ് അറിയിച്ചു. ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി കിട്ടുവാന്‍ വൈകിയതിനെ തുടര്‍ന്ന് കേസിന്റെ അന്വേഷണം വഴിമുട്ടി നില്‍ക്കുകയായിരുന്നു.. ഇപ്പോള്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെ അന്വേഷണം വേഗത്തിലാക്കാനാണ് വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്.