പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ് : ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യും

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രിയും ഇപ്പോള്‍ കളമശ്ശേരി എം.എല്‍.എയുമായ വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ്  ചോദ്യം ചെയ്യും. കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നും അടുത്ത ആഴ്ച ചോദ്യം ചെയ്യുമെന്നുമാണ് വിജിലന്‍സ് അറിയിച്ചത്.

2019 ആഗസ്റ്റില്  ഒരു തവണ കേസിലെ സാക്ഷിയെന്ന നിലയില്‍ ഇബ്രാഹിംകുഞ്ഞില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തിരുന്നു. എന്നാല്‍ ക്രിമിനല്‍ ചട്ടം 41 എ പ്രകാരം നോട്ടീസ് നല്‍കി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്താനാണ്  വിജിലന്‍സിന്റെ ഇപ്പോഴത്തെ നീക്കം.

ചോദ്യം ചെയ്യല്‍ നടപടികള്‍ക്കായുള്ള ചോദ്യാവലി തയ്യാറാക്കല്‍ അടക്കമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും വിജിലന്‍സ് അറിയിച്ചു. ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി കിട്ടുവാന്‍ വൈകിയതിനെ തുടര്‍ന്ന് കേസിന്റെ അന്വേഷണം വഴിമുട്ടി നില്‍ക്കുകയായിരുന്നു.. ഇപ്പോള്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെ അന്വേഷണം വേഗത്തിലാക്കാനാണ് വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്.

പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് ആദ്യഘട്ട മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചതില്‍ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ ഇബ്രാഹിം കുഞ്ഞിനെതിരായ ചില തെളിവുകള്‍ ലഭിച്ചുവെന്നാണ് വിവരം.

ഇതിന് പുറമെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷനിലെ ( ആര്‍.ബി.ഡി.സി) നിയമനങ്ങളിലും മന്ത്രി ഇടപെട്ടതായുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം ഇബ്രാഹിംകുഞ്ഞിനെ കൂടാതെ മുന്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പര്‍ഷേന്‍ എംഡി മുഹമ്മദ് ഹനീഷ് ഐഎഎസിനേയും വിജിലന്‍സ് ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എംഡി എന്ന നിലയില്‍ ഹനീഷിന് പാലം നിര്‍മ്മാണത്തില്‍ മേല്‍നോട്ട കുറവുണ്ടായി എന്നായിരുന്നു നേരത്തെയുള്ള വിജിലന്‍സിന്റെ നിഗമനം.എന്നാല്‍ ഹനീഷിനെതിരെ നിര്‍ണായകമായ ചില തെളിവുകളും രേഖകളും ഇപ്പോള്‍ വിജിലന്‍സിന് ലഭിച്ചുവെന്നാണ് സൂചന.

പാലാരിവട്ടം കേസില്‍ നാലുപേരുടെ അറസ്റ്റ് നടന്നിരുന്നു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാകും ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുക. അതേസമയം കേസില്‍ നേരത്തെ വിജിലന്‍സ് അറസ്റ്റ് ചെയ്ത റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പര്‍ഷേന്‍ അസി.ജനറല്‍ മാനേജര്‍ എംഡി തങ്കച്ചനെ സ്ഥാപനത്തില്‍ നിയമിക്കാന്‍ ഇബ്രാഹിംകുഞ്ഞ് ഇടപെട്ടതായും വിജിലന്‍സിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ പോസ്റ്റിലേക്ക് ആളെ നിയമിക്കുന്നത് പത്രപരസ്യം നല്‍കിയും അഭിമുഖം നടത്തിയുമാണ്. എന്നാല്‍ തങ്കച്ചന്റെ കാര്യത്തില്‍ ഇത്തരം ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് സൂചന.