പാറമേക്കാവിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി പാലക്കാട് കളക്ടര്‍; വെടിമരുന്ന് നിര്‍മ്മാണശാലയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ നിര്‍ദേശം

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പാറമേക്കാവിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി പാലക്കാട് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിര്‍മ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ചിറ്റൂര്‍ തഹസില്‍ദാര്‍ ആര്‍ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുന്നത്.

നിര്‍മ്മാണശാലയില്‍ അളവില്‍ കൂടുതല്‍ വെടി മരുന്ന് കണ്ടെത്തിയതായി പാലക്കാട് ജില്ല കളക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു. തുടര്‍ന്ന് ലൈസന്‍സിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി. തൃശൂര്‍ പൂരം നടത്തുന്നത് സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിനിടെയാണ് പാറമേക്കാവിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമോ നല്‍കിയിരിക്കുന്നത്.

കെവിന്‍ സ്റ്റീഫനാണ് പാറമേക്കാവ് വെടിക്കെട്ടിന്റെ ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ഈ വെടിക്കെട്ട് നിര്‍മാണ ശാല പ്രവര്‍ത്തിക്കുന്നത് മുതലമടയ്ക്ക് സമീപം വെള്ളാരംകടവിലാണ്. ഇതിന്റെ നിര്‍മാണത്തിനാണ് സ്റ്റോപ്പ് മെമോ നല്‍കിയിരിക്കുന്നത്. ഈ വെടിക്കെട്ട് നിര്‍മാണശാലയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിരുവമ്പാടി വിഭാഗം വെടിക്കെട്ടില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കുന്നതായി അറിയിച്ചിരുന്നു. പൂരം നടത്തണോ വേണ്ടയോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്നായിരുന്നു ദേവസ്വം നിലപാട്.