പിടികിട്ടാപ്പുള്ളിയായ പോക്‌സോ കേസ് പ്രതിയെ പാലാ പൊലീസ് ഓടിച്ചിട്ട് പിടികൂടി

പാലായില്‍ പിടികിട്ടാപ്പുള്ളിയായ പോക്‌സോ കേസ് പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. കിഴതടിയൂര്‍ സ്വദേശിയായ ആര്‍.രാഹുലിനെയാണ് പിടികൂടിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍.

കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ പ്രതിയെ കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി 2020ലാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാഹുലിനെ പിടികൂടിയത്. പൊലീസിനെ കണ്ടതോടെ പ്രതി രാഹുല്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പാലാ പൊലീസിന്റെ നേതൃത്വത്തില്‍ രാഹുലിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

എസ്‌ഐ അഭിലാഷ് എംഡി, എസ്‌ഐ ഷാജി സെബാസ്റ്റ്യന്‍, എഎസ്‌ഐ ബിജു കെ തോമസ്, സിപിഒമാരായ ജോഷി മാത്യു, അരുണ്‍ സി. എം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ മുത്തോലി കടവ് ഭാഗത്ത് വച്ച് ഓടിച്ചിട്ട് പിടികൂടിയത്.

ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിചാരണ നീണ്ടുപോയതിനെ തുടര്‍ന്നാണ് പോക്‌സോ കേസില്‍ ജാമ്യം കിട്ടിയ രാഹുല്‍ ഒളിവില്‍ പോയത്. 2014ല്‍ ആണ് കേസിനാസ്പദമായ സംഭവം.