തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി എസ് പ്രശാന്തിന് പടിയിറക്കം, പകരക്കാരൻ ആര്? ഇന്നറിയാം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി എസ് പ്രശാന്ത് പടിയിറങ്ങുമ്പോൾ പകരക്കാരൻ ആര് എന്നതുസംബന്ധിച്ച് വ്യക്തതയില്ല. എ സമ്പത്ത് അടക്കം പരിഗണനയില്‍ ഉള്ളപ്പോൾ ആരായിരിക്കും അടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്നതിൽ തീരുമാനം ഇന്നറിയാം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനം.

കാലാവധി നീട്ടി നല്കാത്തതിനാലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി എസ് പ്രശാന്ത് നീക്കം ചെയ്യപ്പെടുന്നത്. പി എസ് പ്രശാന്തിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് തീരുമാനം. മുൻ എംപി എ സമ്പത്തിനെയാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്ന സൂചനകൾ പുറത്ത് വന്നിരുന്നു. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാകും അന്തിമ തീരുമാനം.

ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പുതിയ ഭരണസമിതിയെ നിശ്ചയിക്കും. പി എസ് പ്രശാന്തിനൊപ്പം സിപിഐ പ്രതിനിധി എ അജികുമാറും പുറത്തേക്ക് എന്ന വാർത്തയും പുറത്ത് വന്നിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളും ഹൈക്കോടതിയുടെ നിരീക്ഷണങ്ങളുമൊക്കെയാണ് പിഎസ് പ്രശാന്തിനും എ അജികുമാറിനും കാലാവധി നീട്ടി നല്‍കേണ്ട എന്ന ധാരണയിലേക്ക് എത്തിച്ചത് എന്നാണ് വിവരം.

Read more