പി.കെ. ശ്യാമള സ്ഥാനാര്‍ഥിയായത് ഗോവിന്ദന്‍ മാഷിന്‍റെ ഭാര്യയായത് കൊണ്ടല്ല; മത്സരിക്കാനുള്ള എല്ലാ അര്‍ഹതയും അവർക്കുണ്ട്: മുഖ്യമന്ത്രി

തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി. കെ. ശ്യാമള സ്ഥാനാര്‍ഥിയായത് ഗോവിന്ദന്‍ മാഷിന്‍റെ ഭാര്യയായത് കൊണ്ടല്ലെന്നും മത്സരിക്കാനുള്ള എല്ലാ അര്‍ഹതയും ശ്യാമളയ്‌ക്കുണ്ടെന്നും പിണറായി വ്യക്തമാക്കി.  പി. കെ. ശ്യാമള ടീച്ചറുടെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

‘ഒരു പെട്ടെന്നുള്ള ഉയര്‍ച്ചയല്ല പി കെ ശ്യാമള ടീച്ചറുടേത്. എം വി ഗോവിന്ദന്‍ മാഷിനെ വിവാഹം ചെയ്യും മുമ്പേ പി കെ ശ്യാമള ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തകയായിരുന്നു. വിവിധ പാര്‍ട്ടി കമ്മിറ്റികളിലൂടെ വളര്‍ന്നുവന്നയാളാണ് ശ്യാമള ടീച്ചര്‍. നല്ല നിലയില്‍ തദ്ദേശ ഭരണ രംഗത്തും പി കെ ശ്യാമള പ്രവര്‍ത്തിച്ചിട്ടുണ്ട്. തളിപ്പറമ്പ് പ്രദേശത്ത് തന്നെയുള്ളയാണ് ശ്യാമള ടീച്ചര്‍. ആ പ്രദേശവുമായി ബന്ധപ്പെട്ടു തന്നെയാണ് അവര്‍ പ്രവര്‍ത്തിച്ചു വരുന്നത്’

‘ഒരു വനിതാ സ്ഥാനാര്‍ഥി തളിപ്പറമ്പില്‍ വേണമെന്ന് ആലോചിക്കുമ്പോള്‍ ആദ്യം ഉയര്‍ന്നുവന്ന പേരാണ് പി. കെ. ശ്യാമളയുടേത്. പി. കെ. ശ്യാമളയെ തളിപ്പറമ്പില്‍ സിപിഎം സ്ഥാനാര്‍ഥിയാക്കിയതില്‍ ഒരു ഔചിത്യക്കുറവും ഇല്ല. എം. വി. ഗോവിന്ദന്‍ മാഷിന്‍റെ ഭാര്യ എന്ന നിലയ്‌ക്കല്ല, പി. കെ. ശ്യാമള എന്ന നിലയ്‌ക്ക് തന്നെ ഒരു വ്യക്തിത്വം അവര്‍ക്കുണ്ട്. അതിന്‍റെ ഭാഗമായാണ് പി. കെ. ശ്യാമള സ്ഥാനാര്‍ഥിയായത്. ആരുടെയെങ്കിലും ഭാര്യ എന്നു പറഞ്ഞ് ഒരു സ്‌ത്രീക്ക് അര്‍ഹതപ്പെട്ട സ്ഥാനം നിഷേധിക്കുന്നത് ശരിയല്ല’- എന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

പി. കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയത് ചോദ്യം ചെയ്‌ത് കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം ടി. കെ. ഗോവിന്ദൻ പരസ്യമായി രംഗത്തെത്തിയിരുന്നു. ശ്യാമള ടീച്ചറെ സ്ഥാനാർത്ഥിയാക്കിയത് എം വി ഗോവിന്ദന്‍റെ ഭാര്യയെന്ന നിലയിലാണെന്ന നിലയിലായിരുന്നു ടി കെ ഗോവിന്ദന്‍റെ വിമര്‍ശനം.