സക്കാത്തും ഖുർആനുമല്ല ആരോപണങ്ങൾക്ക് മറുപടി; നടത്തുന്നത് വില കുറഞ്ഞ രാഷ്ട്രീയമെന്ന് കുഞ്ഞാലിക്കുട്ടി

സ്വർണകടത്ത് കേസിൽ ഖുർആനെ മറയാക്കി രക്ഷപ്പെ .ടാൻ ശ്രമിക്കുന്നത് വില കുറഞ്ഞ രാഷ്ട്രീയമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സർക്കാരിനെ ഇകഴ്ത്താനായി ഖുർആൻ പോലും രാഷ്ട്രീയക്കളിക്ക് പ്രതിപക്ഷം ആയുധമാക്കുന്നുവെന്ന് പരാമർശിച്ചു കൊണ്ടുളള സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേസിൽ നിന്ന് രക്ഷപ്പെടുന്നതിനായി സി.പി.ഐ.എം ഇക്കാര്യം വിവാദമാക്കാൻ ശ്രമിക്കുകയാണെന്നും അതുകൊണ്ട് പ്രയോജനമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സക്കാത്തും ഖുർആനും, റംസാൻ കിറ്റും പറഞ്ഞല്ല ആരോപണങ്ങളിൽ നിന്നും ഒഴിയേണ്ടത്. ഖുർആൻ ഉയർത്തിയുള്ള രാഷ്ട്രീയത്തെ ഒരു മതസംഘടനയും പിന്തുണയ്ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഓരോ മതവിശ്വാസികളുടെയും വിശുദ്ധ ഗ്രന്ഥങ്ങൾ ഈ നാട്ടിൽ നിർബാധം കൊണ്ടു നടക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം ഉണ്ട്. കേസിൽ നിന്ന് രക്ഷപ്പെടാനായി ഇക്കാര്യം വിവാദമാക്കുന്നതിൽ കാര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഖുർആൻ വിഷയം സംബന്ധിച്ച് പല മതനേതാക്കളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് പോസ്റ്റുകളെ വ്യാഖ്യാനിച്ച് പ്രചാരണം നടത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു.