പി. ജയരാജന്‍ ഈമാനുള്ള കമ്മ്യൂണിസ്റ്റുകാരന്‍; ആര്‍.എസ്.എസിന്റെ ഘടക കക്ഷിയാണ് സി.പി.ഐ.എം, വീണ്ടും കെ.എം ഷാജി

ആര്‍ എസ് എസിന്റെ ഘടകകക്ഷിയാണ് സി പി എം എന്ന് കെ എം ഷാജി.  ആര്‍എസ്എസിന്റെ അജണ്ടകള്‍ മനോഹരമായി നടപ്പിലാക്കുന്നത് സിപിഐഎം ആണെന്നും അത് കൊണ്ടാണ്‌  ആര്‍എസ്എസ് ഘടകക്ഷിയാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബി.ജെ.പിയെ ആര്‍.എസ്.എസ് കയ്യൊഴിഞ്ഞു. കേരളത്തില്‍ ആര്‍എസ്എസിന് ക്ലച്ച് പിടിക്കാന്‍ കഴിയാതെ പോയത് ബി.ജെ.പിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിടിപ്പുകേടാണെന്ന തിരിച്ചറിവാണ് അവര്‍ക്കുള്ളത്. അതുകൊണ്ട് തന്നെ കേരളത്തിലെ ബി.ജെ.പിയെ ഒരു തമാശയായിട്ട് മാത്രമേ ആര്‍.എസ്.എസ് എടുത്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ് എന്ന ആശയം നടപ്പിലാക്കാന്‍ ഏറ്റവും നല്ലത് സി.പി.ഐ.എം ആണെന്ന അവര്‍് തിരിച്ചറിഞ്ഞു. ഇന്ത്യയിലെ ആര്‍.എസ്.എസിന്റെ അജണ്ട, അത് മതന്യൂനപക്ഷങ്ങള്‍ക്ക് എതിരായിരുന്നാലും രാഷ്ട്രത്തിന്റെ അടിസ്ഥാന താത്പര്യങ്ങള്‍ക്ക് എതിരായിരുന്നാലും ഗാന്ധി നിന്ദയുടെ കാര്യത്തിലായാലുമൊക്കെ അതെല്ലാം മനോഹരമായി നടപ്പിലാക്കുന്നത് സിപിഐഎമ്മാണ്. അതിനാലാണ് അവരെ ആര്‍.എസ്.എസ് ഘടകകക്ഷിയായി ചേര്‍ത്തിരിക്കുന്നത്.

ലാവ്ലിന്‍ കേസുമുതല്‍ നിരവധി കേസുകളാല്‍ അവരെ വരിഞ്ഞ് മുറുക്കി ആര്‍.എസ്.എസ് അജണ്ടകള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഇത് തിരിച്ചറിയേണ്ടത് ജനാധിപത്യ വിശ്വാസികള്‍ ഇത് തിരിച്ചറിയേണ്ടിയിരിക്കുന്നു. സി.പി.എമ്മിനെയാണ് കയ്യൊഴിയേണ്ടത്. പി. ജയരാജനെ സി.പി.ഐ.എം കയ്യൊഴിഞ്ഞതിന് കാരണം അദ്ദേഹം നല്ലൊരു കമ്മ്യൂണിസ്റ്റാണ് എന്നതാണ്. അദ്ദേഹത്തിനോട് തങ്ങള്‍ക്ക് ഒരുപാട് എതിര്‍പ്പുണ്ട്. താനുള്‍പ്പെടെ പാര്‍ട്ടിയുടെ ആളുകള്‍ ജയരാജനെ പ്രതിചേര്‍ക്കുന്നതിനായി സി.ബി.ഐയുടെ മുന്നില്‍ കേസ് നടത്തുകയാണ്. കാരണം അദ്ദേഹം ഒരു നല്ല കമ്മ്യൂണിസ്റ്റാണ്.

Read more

ഈമാനുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനാണ് പി. ജയരാജന്‍. അതുകൊണ്ട് അയാള്‍ അഴിമതി നടത്താറില്ല. അയാളുടെ മക്കള്‍ കല്ലുവെട്ടുകാരാണ്, തൊഴിലാളികളാണ്, അയാളുടെ മക്കള്‍ ‘ബോംബുണ്ടാക്കുന്നവരാണ്’. നല്ല സി.പി.ഐ.എം കാരനുമാണ്. അതുകൊണ്ട് തന്നെ പി. ജയരാജന്‍ ആര്‍.എസ്.എസിന്റെ കണ്ണിലെ കരടുമാണെന്നും കെഎം ഷാജി പറഞ്ഞു. ആര്‍.എസ്.എസും സി.പി.ഐ.എമ്മും തമ്മിലുള്ള ബാന്ധവത്തിന്റെ അവസാനത്തെ ഉദാഹരണമാണ് പി ജയരാജനെ കയ്യൊഴിയുന്നതില്‍ നിന്ന് വ്യക്തമാകുന്നത്. ഈ അജണ്ടയാണ് കേരളത്തിലെ മുഖ്യമന്ത്രി പദവിയില്‍ ഇരുന്നുകൊണ്ട് സഖാവ് പിണറായി വിജയന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.