ഇ.പിയ്ക്ക് കോടികളുടെ സ്വത്ത്; മൊറാഴയിലെ റിസോര്‍ട്ടിന്റെ ഉടമ; കടുത്ത സാമ്പത്തിക ആരോപണങ്ങളുമായി പി. ജയരാജന്‍; കണ്ണൂര്‍ പാര്‍ട്ടിയില്‍ ചേരിതിരിഞ്ഞ് പോര്

ല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ കടുത്ത സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ത്തി പി. ജയരാജന്‍. അനധികൃതമായി ഇപിയും കുടുംബവും കോടികളുടെ സ്വത്തുക്കള്‍ സമ്പാദിച്ചുവെന്നാണ് പി ജയരാജന്‍ ആരോപിച്ചിരിക്കുന്നത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന് പിന്നില്‍ ഇപിയും കുടുംബവുമാണെന്നാണ് സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ ആരോപിച്ചു.

സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇടപെടുകയും പരാതി ഔദ്യോഗികമായി ഏഴുതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആരോപണത്തില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും പരാതി നല്‍കാന്‍ തയാറാണെന്നും അദേഹം അറിച്ചു. ഇപിയുടെ ഭാര്യയും മകനും റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.

ഇപിക്കെതിരെ ആരോപണം ഉയര്‍ന്ന റിസോര്‍ട്ട് മൊറാഴയിലെ ഉടുപ്പക്കുന്ന് ഇടിച്ചുനിരത്തിയാണ് നിര്‍മിക്കുന്നതെന്നു കാണിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് റിസോര്‍ട്ട് നിര്‍മാണത്തിനെതിരെ പ്രമേയം പാസാക്കുകയും കലക്ടര്‍ക്കു പരാതി നല്‍കുകയും ചെയ്തിരുന്നു. 2014ലാണ് അരോളിയില്‍ ഇ.പി.ജയരാജന്റെ വീടിനു തൊട്ടുചേര്‍ന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തില്‍ മൂന്നു കോടി രൂപ മൂലധനത്തില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തത്.

ഇ.പി.ജയരാജന്റെ മകന്‍ ജയ്‌സണാണു കമ്പനിയില്‍ ഏറ്റവുമധികം (2500) ഓഹരിയുള്ള ഡയറക്ടര്‍. സിപിഎമ്മിന്റ പല സ്ഥാപനങ്ങളും ചില ഉന്നത നേതാക്കളുടെ വീടുകളും നിര്‍മിച്ചുനല്‍കിയ തലശ്ശേരിയിലെ കെട്ടിട നിര്‍മാണക്കരാറുകാരനാണു ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ മറ്റൊരു പ്രധാനി.