നമ്മുടെ ഊര്‍ജ സുരക്ഷ മോദി അമേരിക്കക്ക് തീറെഴുതി, പ്രധാനമന്ത്രി മോദി നട്ടെല്ലില്ലാത്ത ഭീരുവെന്ന് പ്രിയങ്ക ഗാന്ധി; പിണറായി വിജയന്‍ നരേന്ദ്രമോദിയുടെ ബി ടീം; പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നയം ഇന്ത്യക്കാര്‍ക്ക് സുരക്ഷ നല്‍കുന്നില്ല

പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ മോദി സര്‍ക്കാര്‍ നയം അവിടെയുള്ള ഇന്ത്യക്കാര്‍ക്ക് സുരക്ഷ നല്‍കുന്നില്ലെന്നും മോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിയ പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്ത് ചിറയിന്‍കീഴ് മണ്ഡലത്തില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചത്.

ഗള്‍ഫ് പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സര്‍ക്കാരിനേയും കടന്നാക്രമിച്ചു കൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസംഗം. മോദി സര്‍ക്കാര്‍ നയം ഗള്‍ഫിലുള്ള ഇന്ത്യക്കാര്‍ക്ക് സുരക്ഷ നല്‍കുന്നില്ലെന്നും മോദി അമേരിക്കക്കും ഇസ്രായേലിനും മുന്നില്‍ തലകുനിച്ചുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നമ്മുടെ ഊര്‍ജ സുരക്ഷ മോദി അമേരിക്കക്ക് തീറെഴുതിയെന്നും മോദി ഭീരുവാണെന്നും ഇന്ത്യക്ക് വേണ്ടി നിവര്‍ന്നുനില്‍ക്കാനുള്ള ധൈര്യം മോദിക്കില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

എപ്സ്റ്റീന്‍ ഫയല്‍സില്‍ പേരുള്ളതുകൊണ്ടാണ് നരേന്ദ്ര മോദിയുടെ ഈ ഭയമെന്നും പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിയുടെ ബി ടീം ആണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കേരളത്തിന് ഒരു പുതിയ സര്‍ക്കാര്‍ അത്യാവശ്യമാണെന്നും ജനങ്ങളോട് സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ഓര്‍മിപ്പിക്കണമെന്നും പ്രിയങ്ക ഗാന്ധി ചിറയന്‍കീഴില്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് മാത്രം എങ്ങനെയാണ് പരിഗണന ലഭിക്കുന്നത്? ശബരിമലയില്‍ കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല. ഇടത് നേതാക്കള്‍ക്ക് മാത്രം എന്താണ് പ്രത്യേകത?

കേരളത്തിലെ ആരോഗ്യമേഖല തകര്‍ന്നടിഞ്ഞുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് തൊഴില്‍ കിട്ടാത്ത അവസ്ഥയാണ്. കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്നും വിലക്കയറ്റം രൂക്ഷമാണെന്നും പറഞ്ഞ പ്രിയങ്ക ഗാന്ധി പറഞ്ഞു. ആശ സമരത്തെപ്പറ്റിയും പ്രിയങ്ക ആശങ്കയുയര്‍ത്തി. സര്‍ക്കാര്‍ ആശ സമരക്കാരുടെ ശബ്ദം അടിച്ചമര്‍ത്തി. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ മാത്രം അവരെ കണ്ടു. ആശ വര്‍ക്കര്‍മാര്‍ക്ക് ചെറിയ വേതനം മാത്രമാണുള്ളത്. അവരുടെ ജോലിക്കുള്ള വേതനം കിട്ടുന്നില്ല. സര്‍ക്കാര്‍ അവരുടെ ജീവിത പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയില്ലെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

മത്സ്യത്തൊഴിലാളികള്‍ക്കും ദുരിത ജീവിതമാണ്. വലിയ വ്യവസായികള്‍ തുറമുഖം ഏറ്റെടുക്കുമ്പോള്‍ ദുരിതം മത്സ്യതൊഴിലാളികള്‍ക്കാണെന്നും പ്രിയങ്ക പറഞ്ഞു. എംപിമാര്‍ക്ക് പലതും ചെയ്യണം എന്നുണ്ട്. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ അവസരം നല്‍കുന്നില്ലെന്നും അവര്‍ പറഞ്ഞു. പത്തു വര്‍ഷമായിട്ടും സര്‍ക്കാര്‍ ഒന്നും നല്‍കിയില്ല. സഹോദരങ്ങള്‍ക്ക് ജോലി തേടി വിദേശത്തു പോകേണ്ടി വരുന്നു. കേരളത്തിലെ ജനങ്ങള്‍ ബുദ്ധിശാലികളും അധ്വാനികളുമാണ്. മലയാളികളെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല. വോട്ടര്‍മാര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്നും അടുത്ത അഞ്ച് കൊല്ലം കൂടി ഈ സര്‍ക്കാരിനെ സഹിക്കണോ എന്ന് ചിന്തിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വര്‍ഗ്ഗീയതയുടെ രാഷ്ട്രീയത്തെ ജനങ്ങള്‍ മാറ്റിനിര്‍ത്തണമെന്നും പ്രിയങ്ക ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു.