തിരഞ്ഞെടുപ്പിൽ വെെദികർ മത്സരിക്കേണ്ട; താത്പര്യമുളള വൈദികർ സഭാസ്ഥാനങ്ങൾ ഒഴിയണമെന്ന് ഓർത്തഡോക്‌സ് സഭ

വൈദികർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ ഓർത്തഡോക്‌സ് സഭ. മത്സരിക്കാൻ താത്പര്യമുളളവർക്ക് സഭാസ്ഥാനങ്ങൾ ഒഴിഞ്ഞ് മത്സരിക്കാമെന്ന് സഭാ വൈദിക ട്രസ്റ്റി ഫാദർ എം ഒ ജോൺ പറഞ്ഞു. റാന്നി മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഓർത്തഡോക്‌സ് വൈദികൻ മാത്യൂസ് വാഴക്കുന്നം സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് വൈദികർ മത്സരിക്കുന്ന കാര്യത്തിൽ പരസ്യ നിലപാടുമായി വൈദിക ട്രസ്റ്റി രംഗത്ത് വന്നത്.

നിലവിൽ വൈദികർ മത്സരിക്കുന്നതിനെ എതിർക്കുന്ന ചട്ടങ്ങളും ഉത്തരവുകളും സഭയിൽ ഇല്ല. ആവശ്യമെങ്കിൽ  വൈദികർ മത്സരിക്കുന്നതിനെ വിലക്കി ഔദ്യോഗികമായി ഉത്തരവിറക്കുന്നത് അടക്കം കടുത്ത തീരുമാനങ്ങൾ എടുക്കാനാണ് ആലോചന.

2001ൽ സുൽത്താൻ ബത്തേരിയിൽ നിന്ന് ഓർത്തഡോക്‌സ് വൈദികൻ മത്തായി നൂറനാൽ നിയമസഭയിലേക്ക് മത്സരിച്ചതാണ്. എന്നാൽ അന്നത്തെ സാഹചര്യമല്ല നിലവിലെന്നും രാഷ്ട്രീയ ചേരിതിരിവ് രൂക്ഷമായിരിക്കുന്ന പുതിയ സാഹചര്യത്തിൽ വൈദികർ മത്സരിക്കുന്നത് ഉചിതമല്ലായെന്നുമാണ് സഭയുടെ വിശദീകരണം.

Read more

മുന്നണികളുടെ സ്ഥാനാർത്ഥി നിർണയത്തിന് ശേഷം മാത്രമേ, പിന്തുണ ആർക്കെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുളളൂവെന്നും സഭാ ട്രസ്റ്റി പറഞ്ഞു.