അവയവക്കടത്ത് കേസ്: സാബിത്ത് നാസർ മുഖ്യസൂത്രധാരകൻ; കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി

അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ മുഖ്യസൂത്രധാരകനെന്ന് പൊലീസ് കണ്ടെത്തൽ. അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഇയാൾ ഇടനിലക്കാരൻ അല്ലെന്നും പൊലീസ് കണ്ടെത്തി. അവയവക്കടത്തിൽ കൂടുതൽ ഇരകളുണ്ടായിട്ടുണ്ടെന്നതടക്കമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

അവയവക്കച്ചടവത്തിനായി ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങൾക്ക് പുറമെ ഡൽഹിയിൽ നിന്നും സാബിത്ത് നാസർ ആളുകളെ കടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തലിൽ വ്യക്തമാക്കുന്നു. ഇയാൾ പണം വാങ്ങിയതിന്റെ തെളിവുകൾ അന്വേഷണ സംഘം മൊബൈൽ ഫോണിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. അവയവക്കടത്ത് സം​ഘത്തിലെ പ്രധാനികൾ ഉത്തരേന്ത്യക്കാരാണെന്നും സാബിത്ത്, സുഹൃത്ത് കൊച്ചി സ്വദേശി, എന്നിവരാണ് അവയവക്കടത്തിലെ പ്രധാന കണ്ണികളെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഇക്കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ വെച്ച് അവയവക്കടത്ത് കേസിലെ പ്രതി സബിത്ത് നാസർ പൊലീസിന്റെ പിടിയിലാകുന്നത്. ആദ്യം നെടുമ്പാശ്ശേരിയില്‍ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സബിത്ത് നാസര്‍ അറസ്റ്റിലായത്. തൃശ്ശൂർ വലപ്പാട് സ്വദേശിയാണ് സബിത്ത്.

കേസിൽ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ചെന്ന് വിവരം പുറത്തുവന്നിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിൽ ശസ്ത്രക്രിയക്കെത്തിച്ച് സ്വീകർത്താവിൽ നിന്ന് പണം വാങ്ങിയെടുത്തു. രാജ്യാന്തര മാഫിയ സംഘങ്ങളുടെ പങ്ക് സംശയിക്കുന്ന കേസിൽ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read more