'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹന്‍ദാസിനാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മെമ്മോ നൽകിയത്. സമൂഹികമാധ്യമങ്ങള്‍ വഴി ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇടരുതെന്നാണ് മെമ്മോയിലെ നിര്‍ദേശം.

സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയായ കെ-സോട്ടോയെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഡോക്ടര്‍ ഡോ. മോഹന്‍ദാസ് വിമര്‍ശിച്ചത്. സമൂഹികമാധ്യമങ്ങള്‍ വഴി ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇടരുതെന്നാണ് മെമ്മോയിലെ നിര്‍ദേശം. പിന്നാലെ മോഹന്‍ദാസ് ക്ഷമാപണം നടത്തി. സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണം നടത്തില്ലെന്നാണ് മെമ്മോയ്ക്ക് മറുപടി അറിയിച്ചത്.

അവയവദാന ഏജന്‍സിയായ കെ-സോട്ടോ പൂര്‍ണ്ണ പരാജയം എന്നായിരുന്നു ഡോക്ടറുടെ വിമര്‍ശനം. 2017 ന് ശേഷം വിരലിലെണ്ണാവുന്ന അവയവദാനം മാത്രമാണ് നടന്നതെന്നും മോഹന്‍ദാസ് ചൂണ്ടിക്കാട്ടിയിരുന്നു. മൃതസഞ്ജീവനി എക്‌സിക്യൂട്ടീവ് ജോലി ചെയ്യുന്ന ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഇതുവരെ മരണാനന്തര അവയവദാനം നടന്നിട്ടില്ലെന്നും മോഹന്‍ദാസ് വിമര്‍ശിച്ചിരുന്നു.

മെഡിക്കല്‍ കോളേജ് മുന്‍ നെഫ്രോളജി വിഭാഗം മേധാവി ഡോ. വേണുഗോപാലിന്റെ മരണവാര്‍ത്ത പങ്കുവെച്ചാണ് കെ-സോട്ടോയെക്കെതിരായ വിമര്‍ശനം. ഡോ. വേണുഗോപാലും ഡോ. രാംദാസുമാണ് കേരളത്തിലെ മൃതസഞ്ജീവനി വിജയമാക്കി തീര്‍ത്തത്. രാംദാസ് സാറിന്റെ മരണത്തോടെ മൃതസഞ്ജീവനി സമ്പൂര്‍ണ്ണ പരാജയമാണെന്നും മോഹന്‍ദാസ് ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

Read more