മുഖ്യമന്ത്രിയുടെ തള്ള് മുഴുവന്‍ കേട്ട് 'ഓ മഹാന്‍' എന്ന് പറയാന്‍ പ്രതിപക്ഷത്തെ കിട്ടില്ല: ഷാഫി പറമ്പില്‍

മുഖ്യമന്ത്രി തള്ളുന്നത് മുഴുവന്‍ കേട്ട് ‘ഓ മഹാന്‍’ എന്ന് പറയാന്‍ ഒന്നും പ്രതിപക്ഷത്തെ കിട്ടില്ലെന്ന് ഷാഫി പറമ്പില്‍. ലോക്‌സഭയിലെ നരേന്ദ്രമോദി മോഡല്‍ നിയമസഭയില്‍ നടപ്പാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷത്തോടുള്ള അസ്വസ്ഥത, ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്തതുകൊണ്ടാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിനെ സഭയില്‍ എച്ച് സലാമോ സച്ചിന്‍ ദേവോ എതിര്‍ക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. ആകെ ചെയ്യുന്നത് ബഹളം വെക്കലാണ്. ടിപി ചന്ദ്രശേഖരനെ കൊന്നത് ഇതുവരെ ഏറ്റുപറയാത്തവരാണ് സിപിഎം. പിന്നെയല്ലേ രമയുടെ കയ്യൊടിച്ചതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. എംഎല്‍എമാര്‍ക്കെതിരെ ജാമ്യാമില്ല വകുപ്പ് ചുമത്തിയതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. വാദിയെ പ്രതിയാക്കുന്ന അവസ്ഥയാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ചോദ്യോത്തര വേളയ്ക്കിടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് സ്പീക്കര്‍ ഓഫാക്കി. ഇതിന് പിന്നാലെ  പ്രതിഷേധം ശക്തമാക്കി മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുക്കളത്തിലിറങ്ങി.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭാ നടപടികളോട് പ്രതിപക്ഷം സഹരിക്കാത്തത് നിരാശാ ജനകമാണെന്ന് സ്പീക്കര്‍ പറഞ്ഞു. ഇന്ന വെറും 9 മിനിറ്റ് മാത്രമാണ് സഭ ചേര്‍ന്നത്. പതിവ് പോലെ പ്രതിപക്ഷ ബഹളം സഭാ ടിവി കാണിച്ചില്ല.