രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം; അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

വയനാട്ടില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധി എം പിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തെ കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഇതിനായി അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. ടി സിദ്ദീഖ് എംഎല്‍എ ആണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരിക്കുന്നത്.

എസ്.എഫ്.ഐ അക്രമത്തിന് പൊലീസ് ഒത്താശ ചെയ്‌തെന്നും പ്രതിപക്ഷം ആരോപിച്ചു. പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. ഇത്തവണത്തെ സമ്മേളനം 23 ദിവസം നീണ്ടു നില്‍ക്കും. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാവും പ്രതിപക്ഷ ശ്രമം. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും അടക്കം വിവാദ വിഷയങ്ങള്‍ വലിയ ചര്‍ച്ച ആകും.

വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ ഭരണപക്ഷം നേരിട്ടേക്കും. പയ്യന്നൂരിലെ ഫണ്ട് വിവാദം, ലോക കേരളാ സഭയില്‍ പ്രവാസിയും മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്തും ഇടനിലക്കാരിയുമായ അനിത പുല്ലയില്‍ എത്തിയത്, വൈദ്യുതി നിരക്ക് വര്‍ദ്ധന, സില്‍വര്‍ലൈന്‍ പദ്ധതി, സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ബഫര്‍ സോണ്‍ എന്നിവയും പ്രതിപക്ഷം ചര്‍ച്ച ചെയ്തേക്കും.

നാളെ മുതല്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ ആരംഭിക്കും. 13 ദിവസം ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കും. സമ്പൂര്‍ണ്ണ ബജറ്റ് പാസാക്കാന്‍ വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയാണ് സമ്മേളനത്തിന്റെ പ്രാധാന അജന്‍ഡ.അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഉമ തോമസ് സഭയിലെത്തുന്ന ആദ്യ സമ്മേളനമാണിത്.