ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തില്‍ സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിഷേധമുയര്‍ത്തി. സ്വര്‍ണക്കൊള്ള കേസില്‍ പ്രധാനപ്രതികളെല്ലാം ജയിലിനു പുറത്താണെന്ന് കെ ബാബു പറഞ്ഞു. തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. സഭാ നടപടികളില്‍ പ്രതിപക്ഷം സഹകരിക്കില്ലെന്നും കെ ബാബു പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അസാന്നിധ്യത്തില്‍ കെ ബാബുവാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. മന്ത്രി വി.എന്‍. വാസവന്റെ രാജിയാവശ്യപ്പെട്ട് രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയ്ക്ക് മുന്നില്‍ സത്യാഗ്രഹം നടത്തുന്നുണ്ടെന്നും അവര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള പ്രതിഷേധം സഭയ്ക്ക് അകത്തുണ്ടാകുമെന്നും ബാബു പറഞ്ഞു. സഭാ നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്നും കെ. ബാബു വ്യക്തമാക്കി.
ഹൈക്കോടതിക്കെതിരെയാണ് കെ.ബാബു പ്രതികരിച്ചതെന്നു നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഹൈക്കോടതി മേല്‍നോട്ടത്തിലാണ് അന്വേഷണം. തന്ത്രി പ്രതിയാണോ അല്ലയോ എന്നതില്‍ സര്‍ക്കാരിന് അഭിപ്രായമില്ലെന്നും പി രാജീവ് വ്യക്തമാക്കി. കാരണം, അന്വേഷണം നടക്കുന്നത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ മേല്‍നോട്ടത്തിലാണ്. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിക്കുന്നില്ല. അന്വേഷണം ശരിയായ രീതിയിലാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും പ്രതിപക്ഷം സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പി.രാജീവ് പറഞ്ഞു.
Read more
മറ്റ് പ്രതികളെപ്പോലെയുള്ള അവകാശമേ തന്ത്രിക്കുള്ളൂ എന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തന്ത്രിക്ക് നിയമപരമായി ഒരു പ്രത്യേകതയുമില്ലെന്നും എംബി രാജേഷ് പറഞ്ഞു. തന്ത്രിക്ക് 2 വക്കീലന്‍മാര്‍ സഭയ്ക്ക് പുറത്തുണ്ട്. ബിജെപിയും യുഡിഎഫും. തന്ത്രിയെ മുന്‍നിര്‍ത്തി തെരുവില്‍ ഇറങ്ങാനുള്ള സുവര്‍ണ അവസരമാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നതെന്നും എം.ബി.രാജേഷ് പറഞ്ഞു. നാരങ്ങാവെള്ളം കലക്കി ബിജെപിക്ക് കൊടുക്കാന്‍ കാത്തിരിക്കുകയാണ് മുസ്ലിം ലീഗ്. ഇവിടെ ഇരിക്കുന്ന കോണ്‍ഗ്രസുകാരില്‍ എത്രപേര്‍ നാളെ കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്ന് പറയാന്‍ കഴിയുമോ എന്നും എംബി രാജേഷ് ചോദിച്ചു. തങ്ങളൊഴികെ സ്വര്‍ണം കട്ട എല്ലാവരേയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നാണോ യുഡിഎഫ് നിലപാടെന്നും മന്ത്രി എം.ബി. രാജേഷ് ചോദിച്ചു.







