'ഓപ്പറേഷൻ സിന്ദൂർ' ശക്തമായ പേര്, സിന്ദൂരത്തിന് രക്തത്തിന്റെ നിറത്തില്‍ നിന്നും വലിയ വ്യത്യാസമില്ല; ശശി തരൂർ

പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ദൗത്യത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് നൽകിയതിനെ പ്രശംസിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂർ. പാക് ഭീകര കേന്ദ്രങ്ങൾക്കെതിരായ ഇന്ത്യൻ സെെന്യത്തിന്‍റെ നീക്കത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് നൽകിയത് ഏറ്റവും ശക്തമായ തീരുമാനമെന്ന് ശശി തരൂർ പറഞ്ഞു. സൗദി അറേബ്യൻ മാധ്യമമായ അൽ അറേബ്യയോടായിരുന്നു തരൂരിന്‍റെ പ്രതികരണം.

സിന്ദൂരത്തിന്റെ നിറത്തിന് രക്തത്തിന്റെ നിറത്തില്‍ നിന്നും വലിയ വ്യത്യാസമില്ലെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാന്‍ സാധിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. സൗദി അറേബ്യൻ മാധ്യമമായ അൽ അറേബ്യയോടാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് ഇന്ത്യയുടെ നീക്കത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് എന്ന അവതാരകന്റെ ചോദ്യത്തോടായിരുന്നു തരൂരിന്റെ മറുപടി.

പഹല്‍ഗാം ആക്രമണത്തിന് ശേഷം സോഷ്യല്‍മീഡിയ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നത് ഹണിമൂണിനായി കശ്മീരിലെത്തിയ നവവധു, കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ മൃതദേഹത്തിനരികെ ഇരിക്കുന്നതാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ തീവ്രവാദികള്‍ അവരുടെ നെറ്റിയിലെ സിന്ദൂരമാണ് മായ്ച്ചുകളഞ്ഞത്. എന്താണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് പാക് ഭീകരകേന്ദ്രങ്ങള്‍ക്കെതിരായ സൈന്യത്തിന്റെ നടപടിയെന്നും ജനങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ ഏറ്റവും ഉചിതവും ശക്തവും വൈകാരികവുമായ പേരാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് തരൂർ കൂട്ടിച്ചേർത്തു.

സിന്ദൂരത്തിന്റെ നിറത്തിന് രക്തത്തിന്റെ നിറത്തില്‍ നിന്നും വലിയ വ്യത്യാസമില്ലെന്ന് സംശയത്തിന് ഇടയില്ലാതെ പറയാം എന്നാണ് എനിക്ക് കൂട്ടിച്ചേര്‍ക്കാനുള്ളത് എന്നും ശശി തരൂർ പറഞ്ഞു. ആരുടെ നിർദേശമായാലും ഓപ്പറേഷൻ സിന്ദൂർ എന്ന പേര് അത്യൂജ്ജ്വലമാണെന്നും തരൂർ കൂട്ടിച്ചേർത്തു. അതേസമയം അതിർത്തിയിൽ സംഘർഷം തുടരുകയാണ്. പാകിസ്ഥാന്റെ ആക്രമണങ്ങൾക്ക് പ്രത്യാക്രമണം തുടരുകയാണ് ഇന്ത്യ.

Read more