ഉമ്മന്‍ചാണ്ടിക്ക് ന്യൂമോണിയ ; തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി; രോഗവിവരം ആരാഞ്ഞ് മുഖ്യമന്ത്രി

കടുത്ത പനിബാധിച്ച് നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ന്യുമോണിയ സ്ഥിരീകരിച്ചു. ഇതോടെ ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സന്ദര്‍ശകര്‍ക്ക് അടക്കം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ നാളെ ആശുപത്രിയിലേക്ക് അയക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

അര്‍ബുദ ബാധിതനായി ചികിത്സയിലുള്ള ഉമ്മന്‍ചാണ്ടിയെ തുടര്‍ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് ചികിത്സയ്ക്കായി മാറ്റുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരന്‍ അലക്‌സ് ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തില്‍ കൂടിയാണിത്. എന്നാല്‍ ഇതിനിടെ പനിബാധിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തൊണ്ടയില്‍ ഗുരുതരമായ രോഗം ബാധിച്ച അദ്ദേഹത്തിന് വീട്ടുകാര്‍ ചികില്‍സ നല്‍കുന്നില്ലന്ന പരാതി ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ അലക്സ് ചാണ്ടി തന്നെ ഉയര്‍ത്തിയിരുന്നു. അദ്ദേഹത്തിന് ചികല്‍സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സഹോദരന്‍ പരാതി നല്‍കുകുയും ചെയ്തിരുന്നു.

വളരെ അവശനായ ഉമ്മന്‍ചാണ്ടിയെ ഭാര്യയും മകനും കൂടി ചികല്‍സ നല്‍കാതെ തടവില്‍ വച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നുണ്ട്. രോഗം ഗുരുതരമായപ്പോള്‍ അദ്ദേഹത്തെ ജര്‍മനിയില്‍ കൊണ്ടുപോയി ചികല്‍സിച്ചെങ്കിലും പിന്നീട് തുടര്‍ ചികല്‍സകള്‍ നല്‍കാന്‍ കുടുംബം വൈമുഖ്യം കാണിക്കുന്നുവെന്നാണ് അനുജന്‍ അലക്‌സ് ചാണ്ടി പരാതി നല്‍കിയിരുന്നത്.