ഉമ്മൻ ചാണ്ടിയും വിഎസും പിണറായിയും മോദിയും; വിഴിഞ്ഞം ക്രഡിറ്റിന് വേണ്ടി പൊരിഞ്ഞ പോസ്റ്റർ യുദ്ധം, തുറമുഖത്തേക്കുള്ള വഴി നിറയെ ഫ്ളക്സുകൾ

വിഴിഞ്ഞം തുറമുഖത്തേക്കുള്ള വഴിയിൽ പൊരിഞ്ഞ പോസ്റ്റർ യുദ്ധം. പ്രധാനമന്ത്രി, മുഖ്യമന്ത്രി, മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടി, വിഎസ് അച്യുതാനന്ദൻ എന്നിവരുടെ പോസ്റ്ററുകളാണ് വഴിനീളെ ഉള്ളത്. തുറമുഖം ആരുടെ നേട്ടമാണ് എന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് പോസ്റ്ററുകൾക്ക് പിന്നിൽ.

ഉമ്മൻ ചാണ്ടിക്ക് നന്ദി അറിയിച്ചുള്ള പോസ്റ്ററുകൾ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പേരിലുള്ളതാണ്. ‘കേരളം മറക്കില്ല ഒരിക്കലും’ എന്നാണ് ഉമ്മൻ ചാണ്ടിയുടെ പോസ്റ്ററുകളിലുള്ളത്. പിണറായി വിജയനും വിഎസ് അച്യുതാനന്ദനും ക്രെഡിറ്റ് കൊടുക്കുന്ന ഫ്ളക്സുകളും കൂട്ടത്തിലുണ്ട്.

നിശ്ചയദാർഢ്യം കരുത്താക്കി മാറ്റിയ നവ കേരള ശില്പികൾക്ക് അഭിവാദ്യങ്ങളെന്നാണ് ഇരുവരുടെയും പോസ്റ്ററിലുള്ളത്. കൺസ്ട്രക്ഷൻ വർക്കേഴ്‌സിനെ പേരിലാണ് ആ പോസ്റ്ററുകൾ. കൂടാതെ പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെയും ഫ്ലക്സുകൾ വഴിനീളെയുണ്ട്.

ഇന്നത്തെ പത്രങ്ങളിലെ പരസ്യങ്ങളിലാകട്ടെ രണ്ട് വിഴിഞ്ഞം പരസ്യങ്ങൾ ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും തുല്യപ്രാധാന്യം നൽകി സംസ്ഥാന സർക്കാരിന്റെ പരസ്യം ആണ് ഒന്ന്. നരേന്ദ്ര മോദിക്ക് അഭിവാദ്യവുമായി ബിജെപിയുടെ പരസ്യവും ഇന്ന് പത്രങ്ങളിൽ ഉണ്ട്.

പ്രധാനമന്ത്രിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻറെയും ചിത്രങ്ങൾ ആണ് ബിജെപി പരസ്യത്തിലുള്ളത്. കേന്ദ്ര സർക്കാർ നൽകിയ പരസ്യത്തിൽ മുഖ്യമന്ത്രിയുടെ പേരു പോലും ഉണ്ടായിരുന്നില്ല.