ഉമ്മന്‍ചാണ്ടി തനിക്ക് ഗുരുവും വഴികാട്ടിയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമാണ് ഉമ്മന്‍ ചാണ്ടിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ ആഗ്രഹം ഉമ്മന്‍ ചാണ്ടിയെ പോലെ ഉള്ള നേതാക്കള്‍ വളരണമെന്നാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഉമ്മന്‍ചാണ്ടി നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ടയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ക്രൂരമായ രാഷ്ട്രീയ ആക്രമണം ഉമ്മന്‍ ചാണ്ടി നേരിട്ടിരുന്നു. ക്രിമിനല്‍ വേട്ട തന്നെയാണ് നേരിട്ടതെന്നും അപ്പോള്‍ പോലും ആരെയും കുറ്റപ്പെടുത്തി ഉമ്മന്‍ചാണ്ടി സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാവിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തിയാണ് രാഹുല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. 21 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ താന്‍ കണ്ട മനുഷ്യന്റെ വികാരങ്ങള്‍ മനസിലാകുന്ന രാഷ്ട്രീയക്കാരന്‍ ഉമ്മന്‍ ചാണ്ടി മാത്രമാണ്. ഉമ്മന്‍ ചാണ്ടിയെ അടുത്തറിയാനും മനസ്സിലാക്കാനും കഴിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു.
Read more
അനാരോഗ്യം ഉള്ളപ്പോഴും ഭാരത് ജോഡോ യാത്രയില്‍ ഉമ്മന്‍ ചാണ്ടി നടക്കാന്‍ തയ്യാറായി. ഡോക്ടര്‍മാര്‍ പോലും യാത്രയില്‍ അണി നിരക്കുന്നതിനെ എതിര്‍ത്തിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച ആളായത് കൊണ്ടാണ് ഉമ്മന്‍ ചാണ്ടി അനാരോഗ്യം വകവയ്ക്കാതെ ഇറങ്ങിയതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.