ബന്ധുക്കളുടെ ചില നിലപാടുകള്‍ മൂലം ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയ ചികിത്സ കിട്ടുന്നില്ല; വീണ്ടും സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സഹോദരന്‍

ഉമ്മന്‍ചാണ്ടിയുടെ ചികിത്സാപുരോഗതി മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണമെന്ന ആവശ്യം ഉന്നയിച്ച് സഹോദരന്‍ അലക്‌സ് വി.ചാണ്ടി വീണ്ടും സര്‍ക്കാരിനെ സമീപിച്ചു. അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ കാരണം ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ല. ബെംഗളൂരു എച്ച് സി ജി ആശുപത്രിയുമായി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് ബന്ധപ്പെടണമെന്നാണ് സഹോദരന്റെ ആവശ്യം.

ഇത് രണ്ടാംവട്ടമാണ് അലക്‌സ് വി ചാണ്ടി ഇതു സംബന്ധിച്ച് സര്‍ക്കാരിന് കത്തയക്കുന്നത്. കുടുംബാംഗങ്ങള്‍ മാത്രമാണ് ബെംഗളൂരു എച്ച് സി ജി ആശുപത്രിയില്‍ ഉമ്മന്‍ചാണ്ടിക്ക് ഒപ്പമുള്ളത്. ശാസ്ത്രീയമായ മെഡിക്കല്‍ ചികിത്സ സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുടെ അടുത്ത കുടുംബാംഗങ്ങളുടെ കാഴ്ചപ്പാടും നിലപാടുകളും അദ്ദേഹത്തിന് സ്വതന്ത്രവും തൃപ്തികരവുമായ ചികിത്സ ആശുപത്രിയില്‍ നിന്നും ലഭ്യമാക്കുന്നതിന് തടസമായി വരുന്നു എന്നും കത്തില്‍ അലക്‌സ് വി ചാണ്ടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥ, ലഭിക്കുന്ന ചികിത്സകള്‍ എന്നിവയൊക്കെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍ അത്യന്താപേക്ഷിതമാണ് വന്നിരിക്കുകയാണ്. അതിനാല്‍, വിഷയത്തില്‍ ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും കത്തില്‍ അലക്‌സ് വി ചാണ്ടി ആവശ്യപ്പെട്ടു.

വിദഗ്ധ ചികിത്സ ലഭിക്കുന്നതിന് നടപടികള്‍ ഉണ്ടാകണമെന്നും അതാത് ദിവസത്തെ ആരോഗ്യസ്ഥിതി മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അറിയിക്കുന്നതിന് ഏര്‍പ്പാട് ചെയ്യണമെന്നും കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ കുടുംബം നല്കുന്നില്ലെന്ന ആരോപണവുമായി അലക്‌സ് വി ചാണ്ടി നേരത്തെയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെട്ട് തിരുവനന്തപുരം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയിരുന്ന ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റിയത്.