മലപ്പുറത്തെ ഒരു വയസുകാരൻ്റെ മരണം മഞ്ഞപ്പിത്തത്തെ തുടർന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

മലപ്പുറം പാങ്ങിൽ മരിച്ച ഒരു വയസുകാരൻ്റെ മരണം മഞ്ഞപ്പിത്തത്തെ തുടർന്ന്. കുട്ടിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. സാമ്പിൾ രാസപരിശോധന ഫലം വന്നതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കും. കുഞ്ഞിന് മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്.

കോട്ടക്കൽ സ്വദേശികളായ നവാസ് – ഹിറ ഹറീറ ദമ്പതിമാരുടെ മകൻ ഇസെൻ ഇർഹാൻ ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ വെച്ചായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. പടിഞ്ഞാറ്റുമുറി ജുമാമസ്ജിദിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം ഖബറടക്കിയത്. വാടകക്ക് താമസിക്കുന്ന കോട്ടക്കലിലെ വീട്ടിൽ വെച്ചായിരുന്നു മരണം.

പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് കുടുംബം പറഞ്ഞിരുന്നത്. എന്നാൽ കുഞ്ഞിന്റ മരണത്തിൽ ദുരൂഹത ആരോപിച്ച് കോട്ടക്കൽ സ്വദേശി ഹംസത്ത് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ല എന്നായിരുന്നു ആരോപണം. വീട്ടിലെ പ്രസവത്തിന് ശേഷം പ്രതിരോധ കുത്തിവെപ്പുകൾ കുട്ടിക്ക് നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.

Read more