ലെ ഹയാത്തില്‍ നിന്ന് ഭക്ഷണം കഴിച്ച ഒരാള്‍ക്ക് കൂടി ഭക്ഷ്യ വിഷ ബാധ; കാസര്‍ഗോഡ് സ്വദേശി ഓണ്‍ലൈനായി വാങ്ങിയത് ഗ്രില്‍ഡ് ചിക്കന്‍

കൊച്ചി ലെ ഹയാത്ത് റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച കാസര്‍ഗോഡ് സ്വദേശിയ്ക്കും ഭക്ഷ്യ വിഷ ബാധയെന്ന് പരാതി. നേരത്തെ ലെ ഹയാത്തില്‍ നിന്ന് കോട്ടയം സ്വദേശിയായ യുവാവ് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷ ബാധയേറ്റ് മരിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ 18ന് ഇവിടുന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഗ്രില്‍ഡ് ചിക്കന്‍ കഴിച്ചതിനെ തുടര്‍ന്നാണ് കാസര്‍ഗോഡ് സ്വദേശിയായ നിതാന്ത് ടോമിക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റതായി പരാതിയുള്ളത്.

എറണാകുളത്തെ ഐടി കമ്പനി ജീവനക്കാരനാണ് നിതാന്ത് ടോമി. കോട്ടയം സ്വദേശി രാഹുല്‍ മരണപ്പെട്ടതിന് പിന്നാലെ ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആറ് പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ലോ ഹയാത്തില്‍ നിന്ന് ഷവര്‍മ, അല്‍ഫാം കഴിച്ചവര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതായി റിപ്പോര്‍ട്ട്.

കാക്കനാടും പരിസര പ്രദേശങ്ങളിലുമായുള്ള ആറ് പേരുടെയും ആരോഗ്യ നില നിലവില്‍ തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരില്‍ നിന്ന് വിവരശേഖരണം നടത്തിയിട്ടുണ്ട്. കാക്കനാട് സെസ്സിലെ ജീവനക്കാരനാണ് ഭക്ഷ്യ വിഷ ബാധയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച രാഹുല്‍.

രാഹുലിനെ ശനിയാഴ്ച ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ ഹൃദയാഘാതം സംഭവിച്ചിരുന്നതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. അന്ന് മുതല്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നെങ്കിലും രാഹുലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രാഹുല്‍ ലെ ഹയാത്തില്‍ നിന്ന് ഷവര്‍മ പാഴ്‌സലായി വാങ്ങി കഴിച്ചെന്നാണ് ബന്ധുക്കള്‍ അറിയിക്കുന്നത്.