മുഖ്യമന്ത്രിക്ക് നേരെ ഷൂ എറിഞ്ഞ ഒന്നാംപ്രതിയുമായി വിനീത സംഭവദിവസം സംസാരിച്ചത് 14തവണ; നിരന്തരം ചാറ്റുകള്‍; കോടതിയില്‍ ഡിജിറ്റല്‍ തെളിവുകളുമായി പൊലീസ്, കുരുക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ 24 ചാനല്‍ റിപ്പോര്‍ട്ടര്‍ വിനീത വി ജിക്കെതിരെ കേസെടുത്തത് കൃത്യമായ തെളിവുകളോടെയന്ന് പൊലീസ്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോറട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കേസിലെ മുഖ്യ പ്രതി കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗീസുമായി റിപ്പോര്‍ട്ടര്‍ വിനീത വി ജി 14 തവണ ഫോണില്‍ ബന്ധപ്പെട്ടു.മുഖ്യമന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായ ഡിസംബര്‍ 10ന് രാവിലെ 10: 59 മുതല്‍ റിപ്പോര്‍ട്ടര്‍ വിനീത കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗീസുമായി നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിന്റെ കോള്‍ ഹിസ്റ്ററി അടക്കമുള്ള രേഖകള്‍ പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ 66സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ ഉള്‍പ്പെടെ സംസാരിച്ചിട്ടുണ്ട്.

അതേസമയം സംഭവം നടന്ന വൈകിട്ട് 4:15 ന് ശേഷം ഇരുവരും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ല. റിപ്പോര്‍ട്ടറും ബേസില്‍ വര്‍ഗീസും തമ്മിലുള്ള ചാറ്റ് വിവരങ്ങളും പൊലീസ് ശേഖരിച്ച് കോടതിക്ക് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതോടെയാണ് കേസിലെ അഞ്ചാം പ്രതിയാക്കി വിനീതയെ പൊലീസ് ചേര്‍ത്തത്.

കൂടുതല്‍ വ്യക്തതക്കായ സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നവകേരള സദസിനെതിരായ പ്രതിപക്ഷ യുവജന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തതിന് കുറുപ്പംപടി പൊലീസ് വിനീതക്കെതിരെ കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു.

ഐപിസി 120(ബി) പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. 120 ബി ക്രിമിനല്‍ ഗൂഢാലോചനയില്‍ വധശിക്ഷവരെ ഉള്‍പ്പെടുന്നുണ്ട്. അല്ലെങ്കില്‍ ജീവപര്യന്തം തടവോ രണ്ട് വര്‍ഷത്തേക്കോ അതിനു മുകളിലോ ഉള്ള കഠിനതടവും ശിക്ഷയുടെ ഭാഗമാണ്.

അതേസമയം, വിനീത വി.ജിക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയ സംഭവത്തില രൂക്ഷവിമര്‍ശനവുമായി ചാനല്‍ ചീഫ് എഡിറ്റര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ രംഗത്തെത്തി. റിപ്പോര്‍ട്ടര്‍ക്കെതിരെ 120 (ബി) എന്ന ഗുരുതര വകുപ്പ് ചുമത്താന്‍ പൊലീസിന് എന്ത് അധികാരമാണ് ഉള്ളതെന്ന് അദേഹം ചോദിച്ചു. കുറുപ്പംപടി പൊലീസ് നിയമം കൈയിലെടുക്കുകയാണെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യും.

തൊഴിലെടുക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തിന് മേലാണ് പൊലീസ് വാളെടുത്തിരിക്കുന്നത്. ഗുരുതര വകുപ്പുകള്‍ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യണമെന്നും ചീഫ് എഡിറ്റര്‍ ആവശ്യപ്പെട്ടു. കേസ് നിയപരമായി തന്നെ നേരിടുമെന്നും ആര്‍ ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കി.

ഒരു റബ്ബര്‍ ഷൂ എറിഞ്ഞാല്‍ ഒരു കവചിതമായ ബസിനുള്ളിലിരിക്കുന്ന ആളുകള്‍ പരുക്കേറ്റ് കൊലചെയ്യപ്പെടുമെന്ന് കണ്ടുപിടിച്ച ലോകത്തിലെ ആദ്യത്തെ പൊലീസ് സേനയെന്ന ഘ്യാതി കേരളാ പൊലീസിനാണ്. വിനീത വി.ജി ഒറ്റയ്ക്കായിരിക്കല്ല ഈ കേസില്‍ ജയിലില്‍ പോകുന്നത്, 24 ന്യൂസിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും അറസ്റ്റ് കൈവരിക്കുമെന്നും തങ്ങള്‍ ഡ്യൂട്ടിയിട്ട മാധ്യമപ്രവര്‍ത്തകയ്ക്ക് സ്വതന്ത്രമായി മാധ്യമപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ തങ്ങള്‍ ഇത് അടച്ചുപൂട്ടുമെന്നും ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്‍ഠന്‍ നായര്‍ ലൈവിലെത്തി പറഞ്ഞു.