കാക്കയുടെ നിറം പരാമര്‍ശത്തില്‍ കുടുങ്ങി കലാമണ്ഡലം സത്യഭാമ; ആര്‍എല്‍വി രാമകൃഷ്ണന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പിട്ട് പൊലീസ് കേസെടുത്തു

മോഹിനിയാട്ടം കലാകാരനായ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ പോലീസ് കേസെടുത്തു. എസ്ഇഎസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്‌ക്കെതിരെ ചുമത്തിയത്. യൂട്യൂബ് പരാമര്‍ശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അഭിമുഖം നല്‍കിയ യൂട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചാലക്കുടി ഡിവൈഎസ്പിക്കാണ് രാമകൃഷ്ണന്‍ പരാതി നല്‍കിയത്. തുടര്‍ നടപടിക്കായി പരാതി തിരുവനന്തപുരം പോലീസിന് കൈമാറുകയായിരുന്നു.

ആര്‍.എല്‍.വി. രാമകൃഷ്ണനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തിയത്. നര്‍ത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞത്. രാമകൃഷ്ണന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇയാള്‍ ചാലക്കുടിക്കാരനായ നര്‍ത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നുവെന്നും സത്യഭാമ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Read more

സത്യഭാമയുടെ പരാമര്‍ശങ്ങള്‍ക്ക് പ്രതികരണവുമായി രാമകൃഷ്ണന്‍ തന്നെ രംഗത്ത് വന്നതോടെയാണ് വിഷയം വലിയ ചര്‍ച്ചയായത്.