ഒമൈക്രോൺ; എറണാകുളത്തെ രോ​ഗി 7 മുതൽ 11 വരെ മാളുകളിൽ അടക്കം പോയി, സമ്പർക്ക പട്ടിക കണ്ടെത്താൻ ഊർജ്ജിത ശ്രമം

എറണാകുളത്ത് ബുധനാഴ്ച ഒമൈക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ വിപുലമായ സമ്പർക്കപ്പട്ടിക കണ്ടെത്താനുള്ള പരിശ്രമം ഊർജിതമായി തുടരുന്നു. ഏഴ് മുതൽ 11 വരെ പോയ സ്ഥലങ്ങൾ കണ്ടെത്തി റൂട്ട് മാപ്പ് ആരോ​ഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ബുധനാഴ്ചയാണ് ഇയാൾക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.

കോംഗോ ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്. എന്നാല്‍ ഇയാള്‍ ധാരാളം ആളുകളെത്തുന്ന ഷോപ്പിംഗ് മാളിലും റസ്റ്റോറന്റുകളിലും ഉള്‍പ്പെടെ പോയെന്ന് ആരോ​ഗ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. അതേസമയം ഇയാളുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയ രണ്ട് പേരുടെ ഫലം നെ​ഗറ്റീവായത് ആശ്വാസമേകുന്നു.

ഒരാള്‍ സഹോദരനും മറ്റേയാള്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയയാളുമാണ്. ഏഴ് ദിവസം വരെ ഇവര്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

Read more

അതേസമയം സംസ്ഥാനത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശിച്ചു. കേന്ദ്ര മാര്‍ഗ നിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റീനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. ഈ പ്രത്യേക സാഹചര്യത്തില്‍ രണ്ട് വിഭാഗക്കാരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.