കാലപ്പഴക്കം ചെന്ന സ്‌കൂളുകള്‍ പുതുക്കിപ്പണിയും; ആഴ്ചയിൽ ഒരു ദിവസം കളര്‍ വസ്ത്രം ആക്കാനും ആലോചന : എൻ. ഷംസുദ്ദീൻ

സംസ്ഥാനത്ത് കാലപ്പഴക്കം ചെന്ന സ്‌കൂളുകള്‍ പുതുക്കിപ്പണിയുമെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് പ്രാധാന്യം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഫിറ്റ്‌നസിന്റെ പേരില്‍ സ്‌കൂളുകള്‍ തുറക്കാതിരുന്നിട്ടില്ലെന്നും കാലപ്പഴക്കം കൊണ്ടാണ് ചില സ്‌കൂളുകള്‍ തുറക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു.

‘അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകളുണ്ട്. അത്തരം സ്‌കൂളുകളെ മുന്നോട്ടു കൊണ്ടുവരാനുളള നടപടികള്‍ ഉണ്ടാകും. പത്താം ക്ലാസ് കഴിഞ്ഞിട്ടും എഴുതാന്‍ അറിയില്ലെന്ന് പറയുന്നത് നാണക്കേടാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ എല്ലാ നടപടികളും തുടരും. തര്‍ക്കവും പ്രശ്‌നങ്ങളും ഉളള വിഷയത്തില്‍ മാത്രമാണ് പരിശോധന’ എന്ന് എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.

Read more

സ്‌കൂളുകളില്‍ ഒരു ദിവസം കളര്‍ വസ്ത്രം ആക്കണമെന്നത് ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. ‘ചര്‍ച്ചകള്‍ക്ക് സേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ. കുട്ടികള്‍ക്ക് അങ്ങനൊരു ആവശ്യമുണ്ട്. ഒരു ദിവസം കളര്‍ വസ്ത്രം വേണം എന്നതിനോട് വ്യക്തിപരമായി യോജിക്കുന്നു. കുട്ടികളില്‍ നിന്ന് വന്ന ആവശ്യത്തെ തുടര്‍ന്നാണ് ആലോചന. ഇന്നത്തെ കാലത്ത് ഒരു പ്രയാസം ഉണ്ടാകുമോ? ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ പ്രഖ്യാപിക്കൂ. ഒരു ദിവസം സ്വാതന്ത്ര്യം വേണം എന്ന് കുട്ടികള്‍ പറയുന്നത് ന്യായമാണ്’ എന്നും എന്‍ ഷംസുദ്ദീന്‍ പറഞ്ഞു.