‘പിണറായിയെ തടഞ്ഞത് മത്സ്യത്തൊഴിലാളികളല്ല; ആത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയക്കളി’ – ആരോപണവുമായി കോടിയേരി ബാലകൃഷ്ണന്‍

ഓഖി ദുരന്തത്തിന് പിന്നാലെ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ദുരന്തം മുന്‍കൂട്ടി അറിയാനും അത് തക്കസമയത്ത് ജനങ്ങളിലേക്ക് എത്തിക്കാനും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചായിരുന്നു മത്സ്യത്തൊഴിലാളികള്‍ പിണറായിക്കെതിരെ പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.

ഈ സംഭവത്തെക്കുറിച്ചാണ് ഇപ്പോള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവന നടത്തിയിരിക്കുന്നത്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതുന്ന പംക്തിയിലെ ഓഖിയില്‍ രാഷ്ട്രീയം വേണ്ടെന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ ആരോപണം. പ്രകൃതി ദുരന്തം പോലുള്ള പ്രതിസന്ധി നേരിടുമ്പോള്‍ രാഷ്ട്രീയം, പ്രാദേശികം തുടങ്ങിയ വിവേചനങ്ങള്‍ പാടില്ലെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.

കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണരൂപം

ഓഖി’ ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തിന്റെ ആഘാതത്തില്‍നിന്ന് കേരളം മോചിതമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കടലില്‍ പോയവരെ കാത്ത് കരയില്‍ അനേകം കുടുംബങ്ങള്‍ വേദനയോടെ കഴിയുകയാണ്. തെക്കന്‍കേരളത്തിലാണ് വലിയ നഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഉറ്റവരെ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വേദന പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ‘ഓഖി’ ദുരന്തം കേരളത്തെയും ഇന്ത്യയെയും പഠിപ്പിക്കുന്ന പാഠങ്ങളുണ്ട്. അതില്‍നിന്ന് സര്‍ക്കാരുകളും ഭരണസംവിധാനങ്ങളും ശാസ്ത്രസ്ഥാപനങ്ങളും അടിയന്തരമായും ദീര്‍ഘകാലാടിസ്ഥാനത്തിലും സ്വീകരിക്കേണ്ട പ്രവര്‍ത്തന നടപടികളുണ്ട്.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാലാവസ്ഥയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവിടെപ്പോലും അപ്രതീക്ഷിതമായി കാലാവസ്ഥാ വ്യതിയാനം സംഭവിച്ച് ദുരന്തമുണ്ടാകുന്നു എന്നതാണ് ഓഖിയിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഇത്തരം ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനും പരമാവധി പ്രതിരോധിക്കാനും രക്ഷാനടപടി സ്വീകരിക്കാന്‍ എന്തെല്ലാം ചെയ്യണമെന്ന ചിന്ത എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണം. അതിനുമുമ്പ് അടിയന്തര രക്ഷാപ്രവര്‍ത്തനവും ആശ്വാസപ്രവര്‍ത്തനവും ദുരിതാശ്വാസവും ഉണ്ടാകണം. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചിരിക്കുന്നത്.

ശാസ്ത്രസമൂഹത്തിന്റെയും വിവിധ ജനവിഭാഗങ്ങളുടെയുമെല്ലാം അഭിപ്രായങ്ങള്‍കേട്ട് ദീര്‍ഘകാലനടപടികള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ടതുണ്ട്. കാട്ടിലെ കടുവയ്ക്കും ആനയ്ക്കുമൊക്കെ മൈക്രോചിപ്പ് ഘടിപ്പിച്ച് നിരീക്ഷിക്കുന്ന നാട്ടില്‍, കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന തൊഴിലാളികളെയും അവരുടെ ബോട്ടുകളെയും നിരീക്ഷണവിധേയമാക്കാന്‍ ഉതകുന്ന സാങ്കേതികസംവിധാനം വികസിപ്പിച്ചെടുക്കാന്‍ സാധിക്കില്ലേ എന്ന് മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ ചോദിക്കുന്നുണ്ട്. അത് പ്രസക്തമാണ്. വിഴിഞ്ഞം, പൂവാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതിനകം ഞാന്‍ സന്ദര്‍ശിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നവരെയും കണ്ടിരുന്നു. അവിടങ്ങളില്‍ എല്ലാം ഉയര്‍ന്ന ആവലാതികള്‍ കേള്‍ക്കുകയും നിങ്ങളോടൊപ്പം സര്‍ക്കാരും പൊതുപ്രസ്ഥാനങ്ങളുമുണ്ട് എന്ന കാര്യം അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രകൃതിക്ഷോഭം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. അത്യാധുനിക ഗവേഷണസൌകര്യമുള്ള ‘നാസ’ ഉള്‍പ്പെടെ ലോകത്തിലെ ഏതുഭാഗത്തുള്ള ശാസ്ത്രസ്ഥാപനങ്ങളും ശേഖരിക്കുന്ന പ്രകൃതിക്ഷോഭം സംബന്ധമായ വിവരങ്ങള്‍ ലഭ്യമാക്കാനും അതിന്‍മേല്‍ പരിശോധനാനന്തരം നടപടിയെടുക്കാനും കഴിയുന്ന സംവിധാനം കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൈയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഒരുക്കേണ്ടതുണ്ട്. പ്രകൃതിക്ഷോഭാനന്തര ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ ഒരുവിധത്തിലുള്ള പ്രാദേശിക മനോഭാവവും രാഷ്ട്രീയ വിവേചനവും കേന്ദ്ര സര്‍ക്കാര്‍ കാണിക്കരുത്. തമിഴ്‌നാട് മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിക്കുകയും എന്നാല്‍, കേരളത്തിലെ കാര്യങ്ങള്‍ ഇവിടത്തെ മുഖ്യമന്ത്രിയോട് ആ സമയത്ത് ആരായാതിരിക്കുകയുംചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടി ഉചിതമായില്ല.

ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് വരുന്നു എന്നറിഞ്ഞതിനെ തുടര്‍ന്ന് ദുരിതാശ്വാസത്തിനിറങ്ങാന്‍ ട്വിറ്റ് ചെയ്ത മോഡിയുടെ നടപടിയോട് വിയോജിക്കുന്നില്ല. എന്നാല്‍, കൂടുതല്‍ ആളുകള്‍ മരിക്കുകയും നാശനഷ്ടങ്ങള്‍ ഉണ്ടാകുകയുംചെയ്ത കേരളത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍പോലും ഉണ്ടായില്ല എന്നത് ശുഭകരമല്ല. ഇതൊക്കെയാണെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിരോധസേനയുടെ സംവിധാനങ്ങള്‍ നല്‍കുന്നതിലും കേന്ദ്രമന്ത്രിമാരെ കേരളത്തിലേക്ക് അയക്കുന്നതിലുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടിയിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ ധനസഹായം നല്‍കുന്നതിനും ഉയര്‍ന്നതോതിലുള്ള മറ്റ് നഷ്ടപരിഹാരനടപടികള്‍ സ്വീകരിക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനകം തീരുമാനമെടുക്കുകയും പ്രത്യേകം പാക്കേജ് തയ്യാറാക്കുകയും ചെയ്തിരിക്കുകയാണ്. ഓഖി ചുഴലിദുരന്തത്തെ ദേശിയദുരന്തമായി പ്രഖ്യാപിച്ച് അനന്തരനടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്.

പ്രകൃതിക്ഷോഭംപോലെയുള്ള ദുരന്തങ്ങളെ നേരിടുന്നതില്‍ പ്രാദേശികം, രാഷ്ട്രീയം തുടങ്ങിയ വിവേചനങ്ങള്‍ ഒന്നും പാടില്ല. എന്നാല്‍, പ്രകൃതിദുരന്തത്തെ രാഷ്ട്രീയ വില്‍പ്പനച്ചരക്കാക്കുന്ന നീചവൃത്തിയില്‍ ചില രാഷ്ട്രീയനേതാക്കളും അവരെ സഹായിക്കാന്‍ ചില മാധ്യമങ്ങളും മുന്നിട്ടിറങ്ങിയിരിക്കുന്നു എന്നത് ഏറെ കഷ്ടമാണ്. ഈ പ്രവൃത്തിക്ക് ശക്തിപകരാന്‍ വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി മത്സ്യത്തൊഴിലാളികളോട് ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് പുറത്തേക്കുവരുമ്പോള്‍ മുഖ്യമന്ത്രിയുടെ കാറ് തടഞ്ഞ് ഏതാനും കോണ്‍ഗ്രസുകാര്‍ കരുതിക്കൂട്ടി രാഷ്ട്രീയക്കളി നടത്തി. എന്നിട്ട് കോണ്‍ഗ്രസുകാര്‍ നടത്തിയ രാഷ്ട്രീയക്കളിയെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധമെന്നമട്ടില്‍ ചിത്രീകരിക്കുകയായിരുന്നു ഒരു കൂട്ടം മാധ്യമങ്ങള്‍ ചെയ്തത്. ഓഖി കൊടുങ്കാറ്റിന്റെ ആഘാതത്തില്‍നിന്ന് രക്ഷനല്‍കുന്നതിനും ദുരിതാശ്വാസത്തിനും ഒരു സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.

ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാരുമായും വിവിധ ഏജന്‍സികളുമായും സഹകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതില്‍ അല്‍പ്പംപോലും അമാന്തം വരുത്തിയിട്ടില്ല. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കൊടുങ്കാറ്റ് ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ് നല്‍കിയത് നവംബര്‍ 30ന് ഉച്ചയ്ക്ക് 12 നാണ്. അതുലഭിച്ച ഉടനെതന്നെ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാമിന്റെ ചുമതലയില്‍ ഉദ്യോഗസ്ഥരും അഹോരാത്രം പ്രവര്‍ത്തിച്ചു. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം കൊടുത്തു.

അതിനുവേണ്ടി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തി. കടലില്‍പോയ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ നേവിയുടെ നാലു കപ്പലുകള്‍ കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഉടനെതന്നെ എത്തിച്ചു. കോയമ്പത്തൂരുനിന്നുള്ള എയര്‍ഫോഴ്‌സിന്റെ രണ്ട് ഹെലികോപ്ടറും തെരച്ചിലിനിറക്കി. നേവിയുടെ ഒരു ഹെലികോപ്റ്ററും ഡോണിയര്‍ വിമാനവും സംഭവം അറിഞ്ഞയുടനെ തെരച്ചിലിനിറങ്ങിയെങ്കിലും മോശം കാലാവസ്ഥകാരണം ലക്ഷ്യം പൂര്‍ത്തിയാക്കാനായില്ല. അവ അടുത്ത ദിവസങ്ങളിലും തെരച്ചിലിനിറങ്ങി.

ഓഖി ചുഴലിക്കാറ്റുമൂലം കടലില്‍പ്പെട്ടുപോയ അവസാനത്തെ മത്സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതുവരെ തെരച്ചില്‍ ഊര്‍ജിതമായി തുടരാന്‍ മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും സാന്നിധ്യത്തില്‍ സെക്രട്ടറിയറ്റില്‍ ചേര്‍ന്ന ഉന്നതതലയോഗം ഡിസംബര്‍ മൂന്നിന് തീരുമാനിച്ചു. നാവികസേന, വായുസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവ ഏകോപിപ്പിച്ച് തീവ്രമായ തെരച്ചില്‍ തുടരും. കൂടുതല്‍ കപ്പലുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും തെരച്ചിലിന് ഇറക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

യോഗത്തില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ജെ മേഴ്‌സിക്കുട്ടിഅമ്മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും ഉണ്ടായി. സംസ്ഥാനവുമായി സഹകരിച്ച് പ്രതിരോധവിഭാഗങ്ങളും കോസ്റ്റ്ഗാര്‍ഡും മികച്ച രക്ഷാപ്രവര്‍ത്തനമാണ് നടത്തിയതെന്ന് കേന്ദ്രമന്ത്രി യോഗത്തില്‍ പറഞ്ഞു. ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നവംബര്‍ 30ന് പകല്‍ 12ന് മാത്രമാണ് ലഭിച്ചതെന്ന് ഇതുസംബന്ധിച്ച രേഖകളും വിശദീകരണങ്ങളും വിലയിരുത്തിയശേഷം കേന്ദ്രമന്ത്രി കണ്ണന്താനം അന്ന് മാധ്യമങ്ങളോടുതന്നെ വ്യക്തമാക്കി. എന്നാല്‍, മത്സ്യത്തൊഴിലാളികള്‍ മിക്കവരും തലേദിവസമോ അതിനുമുമ്പോ കടലില്‍ പോയിരുന്നു. ഗതിമാറിയാണ് മണിക്കൂറുകള്‍ക്കകം ചുഴലി കേരളതീരത്ത് അടിച്ചത്. ഇത് പ്രവചിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വിലയിരുത്തി.

കടുത്ത ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെന്ന അറിയിപ്പ് 30ന് രാവിലെ 8.30നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന് അഭ്യര്‍ഥിക്കണമെന്ന് മാത്രമേ ഈ അറിയിപ്പില്‍പോലും ഉണ്ടായിരുന്നുള്ളൂ. അടിയന്തരസാഹചര്യമുണ്ടെന്നോ തൊഴിലാളികള്‍ കടലില്‍പോകുന്നത് തടയണമെന്നോ ആ അറിയിപ്പില്‍ ഇല്ലായിരുന്നു എന്ന് കേന്ദ്രമന്ത്രിക്കു തന്നെ ഉന്നതതല യോഗത്തില്‍ ബോധ്യപ്പെട്ടിരുന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന് ലഭിച്ച അറിയിപ്പുകളും അതേതുടര്‍ന്ന് സ്വീകരിച്ച നടപടികളും ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ മുന്നിലും വിശദീകരിച്ചിരുന്നു.

ഇത്തരം വിഷയങ്ങള്‍ ഉന്നയിച്ച് നാട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നത് നല്ല പ്രവണതയല്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനെയെല്ലാം കാറ്റില്‍പറത്തുംവിധമാണ് ദുരന്തമുഖത്തുനിന്നുകൊണ്ട് ചില രാഷ്ട്രീയക്കാരും മാധ്യമങ്ങളും പ്രവര്‍ത്തിച്ചത്. മാധ്യമങ്ങളുടെ നുണ വിശ്വസിച്ച് മത്സ്യത്തൊഴിലാളികള്‍ ചിലയിടങ്ങളില്‍ പ്രതികരിക്കുകയും ചെയ്തു. പക്ഷേ, വൈകിയാണെങ്കിലും അവരും സത്യം തിരിച്ചറിയുന്നു.

കടലില്‍ സംഭവിച്ച പ്രകൃതിക്ഷോഭത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ സംഭവമാണ് കേരളത്തിലേത്. ഇതിനകം 2,664 മത്സ്യത്തൊഴിലാളികളെയാണ് കരയിലെത്തിച്ച് രക്ഷപ്പെടുത്തിയത്. കോസ്റ്റ്ഗാര്‍ഡിന്റെ എട്ട് കപ്പലും നാവികസേനയുടെ ഏഴ് കപ്പലും രണ്ടു വിമാനവും നാലു ഹെലികോപ്റ്ററും വ്യോമസേനയുടെ ഒരു വിമാനവും രണ്ടു ഹെലികോപ്റ്ററും തെരച്ചിലിന് ഉപയോഗിച്ചു. മത്സ്യത്തൊഴിലാളികളെ സഹകരിപ്പിച്ചുള്ള പ്രവര്‍ത്തനവും നടത്തി. ഏറ്റവും ശാസ്ത്രീയമായ രീതിയിലാണ് തെരച്ചില്‍ നടത്തിയത്. ലക്ഷദ്വീപിനപ്പുറത്തേക്കും തെരച്ചില്‍ നീണ്ടു.

ബോട്ടുപേക്ഷിച്ച് തിരിച്ചുവരാന്‍ തയ്യാറാകാത്തവര്‍ക്ക് ഇന്ധനവും വെള്ളവും ഭക്ഷണവും ലഭ്യമാക്കി. മഹാരാഷ്ട്രയിലെ ദേവ്ഗഡില്‍ എത്തിയവരില്‍ ഉള്‍പ്പെടുന്ന കേരളീയരെ വിമാനത്തില്‍ കൊണ്ടുവരാന്‍ സന്നദ്ധമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബോട്ടില്‍ തിരിച്ചുവരണമെങ്കില്‍ കോസ്റ്റ്ഗാര്‍ഡ് അകമ്പടി നല്‍കാനും ഏര്‍പ്പാടുണ്ടാക്കി. ക്രൈംബ്രാഞ്ച് എസ്പി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ എത്തുകയും ചെയ്തു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണവും മറ്റു സൌകര്യങ്ങളും ഒരുക്കുന്നതിനും സര്‍ക്കാര്‍ ശ്രദ്ധയോടെയാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ഓഖി ചുഴലിക്കാറ്റ് സൃഷ്ടിച്ചിരിക്കുന്നത് കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്.

വേദന അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാനും നഷ്ടപ്പെട്ട അവരുടെ ജീവിതോപാധികള്‍ തിരിച്ചുനല്‍കുന്നതിനും രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുനല്‍കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിനകംതന്നെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ സഹായത്തിന് പുറമെ ബഹുജനങ്ങളുടെ സഹായഹസ്തവും കടലിന്റെ മക്കള്‍ക്കായി നീളേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും മാതൃകാപരമായി മുന്നോട്ടുവരണം