കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി; സി.പി.എം നേതാക്കളുടെ പേരില്‍ തട്ടിപ്പ്, പരാതിയുമായി എം.എല്‍.എ

പാലക്കാട് സിപിഎം നേതാക്കളുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി. കേരള ബാങ്കില്‍ ജോലി വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്. കേരള ബാങ്ക് ഡയറക്ടറും മലമ്പുഴ എം.എല്‍.എയുമായ എ. പ്രഭാകരന്റെയും സി.പി.എം പാലക്കാട് , കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരുടെയും പേരിലാണ് രണ്ടംഗ സംഘം പണം തട്ടിയത്.

സംഭവത്തില്‍ മലമ്പുഴ എം.എല്‍. എ പ്രഭാകരന്‍ പൊലീസില്‍ പരാതി നല്‍കി. പണം നല്‍കിയ രേഖകള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. പാലക്കാട് ധോണി സ്വദേശി വിജയകുമാര്‍, കണ്ണൂര്‍ സ്വദേശി സിദ്ദിഖ് എന്നിവരാണ് തട്ടിപ്പ് നടത്തിയത് എന്ന് പരാതിയില്‍ പറയുന്നു. എംഎല്‍എയുടെയും ജില്ലാ സെക്രട്ടറിമാരുടെയും അറിവോടെയാണ് നിയമനം നടത്തുന്നത് എന്ന് പറഞ്ഞ് ആവശ്യക്കാരെ വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.

കേരള ബാങ്കില്‍ 2400ലധികം ക്ലര്‍ക്കുമാരുടെ ഒഴിവുണ്ട്. ഈ ഒഴിവുകളിലേക്ക് പി.എസ്.സി വഴിയാണ് നിയമനം നടത്തേണ്ടത്. എന്നാല്‍ എം.എല്‍.എയുമായ എ.പ്രഭാകരന്‍ സി.പി.എം കണ്ണൂര്‍ ,പാലക്കാട് ജില്ലാ സെക്രട്ടറിമാരുടെയും അറിവോടെ നിയമനം നടത്തുന്നു എന്ന് ആവശ്യക്കാരെ വിശ്വസിപ്പിച്ച് പണം തട്ടുകയാണ്. ഏഴു ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെടുന്നത്. ചിലര്‍ പണം നല്‍കുകയും ചെയ്തിട്ടുണ്ട്.

അതേസമയം തട്ടിപ്പില്‍ പങ്കില്ലെന്നാണ് ധോണി സ്വദേശി വിജയകുമാര്‍ പറയുന്നത്. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് വിജയകുമാര്‍ തന്റെ കയ്യില്‍ നിന്നും പണം വാങ്ങിയിരുന്നു. ആ പണത്തിലെ 75000 രൂപയാണ് തിരികെ നല്‍കിയത് എന്നാണ് സിദ്ദീഖിന്റെ വിശദീകരണം.