ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒജെ ജനീഷിനെ തിരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതിന് പിന്നാലെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞടുക്കുന്നത്. 51 ദിവസത്തിനുശേഷമാണ് ഒജെ ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം നിയമിച്ചത്.

ബിനു ചുള്ളിയിലിനെ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റായും നിയമിച്ചു. അബിൻ വര്‍ക്കി, കെഎം അഭിജിത്ത് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. കെഎസ് യുവിന്റെ യൂണിറ്റ് പ്രസിഡന്റായി ആയിരുന്നു ഒജെ ജനീഷ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നീട് തൃശൂര്‍ ജില്ലാ പ്രസിഡന്റായി. യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായും ഒജെ ജനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഷാഫി പറമ്പില്‍ മുന്നോട്ടുവെച്ച പേരായിരുന്നു ഒജെ ജനീഷിന്റേത്. യൂത്ത് കോണ്‍ഗ്രസിലെ നിലവിലെ സംസ്ഥാന ഭാരവാഹികളില്‍ നിന്ന് തന്നെ അധ്യക്ഷ പദവിയിലേക്ക് എത്തണമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാന ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിയുടെ പേരായിരുന്നു സജീവമായി പരിഗണിച്ചതെങ്കിലും ഒടുവില്‍ ഒജെ ജനീഷിലേക്ക് എത്തുകയായിരുന്നു.

Read more