ഐസിയു പീഡനക്കേസ്; ഹൈക്കോടതി നിർദ്ദേശമുണ്ടായിട്ടും ജോലിയിൽ പ്രവേശിക്കാനാവാതെ നഴ്സ് അനിത, പിന്തുണയുമായി അതിജീവിത

ഉപവാസം തുടരുന്ന സീനിയർ നഴ്‌സിങ് ഓഫീസർ അനിതയ്ക്ക് പിന്തുണയുമായി അതിജീവിതയും. മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ അതിജീവിതയ്ക്കൊപ്പം നിന്ന നേഴ്സ് ജോലിയിൽ പ്രവേശിക്കാനാവാതെ ആറാം ദിനവും ഉപവാസം തുടരുകയാണ്. അനിതയുടെ ഭാഗത്ത് ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടും ഇക്കാര്യം സമ്മതിക്കാതെ മന്ത്രി വീണാ ജോർജും തുടരുകയാണ്.

കേരള ഗവ. നഴ്‌സസ് യൂണിയൻ പ്രവർത്തകർക്കൊപ്പം പ്രിൻസിപ്പൽ ഓഫീസ് കവാടത്തിൽ പ്രതിഷേധിച്ച അനിതയ്ക്ക് പിന്തുണയുമായി വെള്ളിയാഴ്ച മുഴുവൻ അതിജീവിതയും ഒപ്പമിരുന്നു. ആരോഗ്യമന്ത്രിയുടെ പ്രതികരണം തമാശയായി തോന്നുന്നുവെന്നും നിരന്തരം മന്ത്രിയെ വിളിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫോൺ എടുത്തിട്ടില്ലെന്നും അതിജീവിവത പറയുന്നു. അനിത സിസ്റ്റർക്ക് പറ്റിയ വീഴ്ച എന്തെന്നു മന്ത്രി പറയണം. മന്ത്രിയല്ല, സിസ്റ്റർ അനിതയാണ് എനിക്കൊപ്പം നിന്നതെന്നും അതിജീവിത കൂട്ടിക്കിച്ചേർത്തു.

കൂടുതൽ വ്യക്തികളും സംഘടനകളും അനിതയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. മെഡിക്കൽ കോളജിലെ ഐസിയുവിൽ ശസ്ത്രക്രിയയ്ക്കു ശേഷം അർധബോധാവസ്ഥയിലായിരുന്ന യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ അതിജീവിതയെ പിന്തുണയ്ക്കുന്ന നിലപാടെടുത്തതിനെ തുടർന്നാണ് അനിതയെ ഇടുക്കിയിലേക്കു സ്ഥലം മാറ്റിയത്.

ഏപ്രിൽ ഒന്നിനു കോഴിക്കോട്ടു തന്നെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. സർക്കാർ നിലപാടിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി അനിത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.