ഇടത് റാലി കണ്ടാല്‍ അമിത് ഷാ വയനാട് ചൈനയിലാണെന്ന് പറയും; ബി.ജെ.പി അധ്യക്ഷനെ പരിഹസിച്ച് എന്‍.എസ്. മാധവന്‍

ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഇടതുപക്ഷത്തിന്റെ റാലി കണ്ടാല്‍ വയനാട് ചൈനയിലാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറയുമെന്ന് എന്‍ എസ് മാധവന്‍. വയനാട്ടിലെ എല്‍ഡിഎഫ് റാലിയുടെ ഒരു ചിത്രം പങ്കുവച്ചതിന് ശേഷം ട്വിറ്ററിലായിരുന്നു എന്‍ എസ് മാധവന്റെ പരിഹാസം.

വയനാട് ഇന്ത്യയിലാണോ, പാക്കിസ്ഥാനിലാണോയെന്ന വിവാദ ചോദ്യവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത് എത്തിയത്. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ മുസ്‌ലിം ലീഗിന്റെ പതാകകള്‍ കണ്ടതിനെ പരിഹസിച്ചാണു പരാമര്‍ശം നടത്തിയത്. ഇതിന് തിരിച്ചടിയായാണ് എന്‍ എസ് മാധവന്‍ പരിഹാസ ട്വീറ്റ് നടത്തിയത്.

“രാഹുല്‍ ബാബയുടെ റോഡ് ഷോ കണ്ടാല്‍, അതു നടന്നത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്നു തിരിച്ചറിയാന്‍ കഴിയില്ല. അത്തരമൊരു സീറ്റാണു രണ്ടാം മണ്ഡലമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ തിരഞ്ഞെടുത്തത്. രാഹുലും സുശീല്‍കുമാര്‍ ഷിന്‍ഡെയും പി. ചിദംബരവും ഹിന്ദുത്വ ഭീകരതയെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞ് ഹൈന്ദവ സമൂഹത്തെ മുഴുവന്‍ അപമാനിക്കുകയാണ്”ഷാ ആരോപിച്ചു. കഴിഞ്ഞ ആഴ്ച നാഗ്പുരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ പങ്കെടുക്കവെയാണു പരാമര്‍ശം.