ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

അടിയന്തരാവസ്ഥയെ വിമര്‍ശിച്ച ലേഖനത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. താന്‍ ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. 1997ല്‍ താന്‍ എഴുതിയതാണ് ഇത്തവണയും എഴുതിയതെന്നും ശശി തരൂര്‍ വ്യക്തമാക്കി. നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതില്‍ ഉള്‍പ്പെട്ട ചില വ്യക്തികളെക്കുറിച്ചുമാണ് ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍വേ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് സര്‍വേ നടത്തിയവരോട് ചോദിക്കണമെന്ന് തരൂര്‍ പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയുടെയും അധികാരം കൈയാളിയ മകന്‍ സഞ്ജയ് ഗാന്ധിയുടെയും ക്രൂരതകള്‍ വിവരിക്കുന്നതായിരുന്നു ലേഖനം. ഇതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് തന്നെ തരൂരിന് കടുത്ത വിമര്‍ശനങ്ങളുണ്ടായിരുന്നു.

ഇതുകൂടാതെ മുഖ്യമന്ത്രി പദവിയിലേക്ക് കൂടുതല്‍ ജനപിന്തുണ തനിക്കെന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടതും പാര്‍ട്ടിയില്‍ തരൂരിന് വലിയ വിമര്‍ശനങ്ങളുണ്ടാക്കി. അടിയന്തരാവസ്ഥ കാലത്ത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായെന്ന് ലേഖനത്തില്‍ പറയുന്നു.

Read more

ഭരണഘടനാപരമായ അതിക്രമങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ ഭയാനകമായ പട്ടികയ്ക്ക് വഴിയൊരുക്കി. തടങ്കലിലെ പീഡനങ്ങളും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും ഭരണകൂടത്തെ ധിക്കരിക്കാന്‍ ധൈര്യം കാണിച്ചവര്‍ക്ക് ഇരുണ്ട യാഥാര്‍ത്ഥ്യങ്ങളായിരുന്നു. അക്കാലത്ത് ഇതൊന്നും പുറത്തറിഞ്ഞിരുന്നില്ല. അച്ചടക്കത്തിനും ക്രമത്തിനും വേണ്ടിയുള്‌ല നടപടികള്‍ പലപ്പോഴും പറഞ്ഞറിയിക്കാന്‍പറ്റാത്ത ക്രൂരതകളായി മാറിയെന്നും തരൂര്‍ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.