ജില്ല സെക്രട്ടറിയേറ്റിലേക്ക് എടുത്തില്ല, പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; എല്‍ഡിഎഫിനെതിരെ ഒറ്റപ്പാലത്ത് വിമത സ്ഥാനാര്‍ത്ഥിയാകാന്‍ നീക്കം

സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലെടുക്കാത്തതിനെ തുടര്‍ന്ന് സിപിഎമ്മുമായി അകന്നതിന് പിന്നാലെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പി.കെ.ശശി രാജിവെച്ചു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ശശിയെ പുറത്താക്കാന്‍ സിപിഎമ്മും നീക്കം തുടങ്ങിയതിനിടയിലാണ് പി കെ ശശിയുടെ രാജി. ഷൊര്‍ണ്ണൂര്‍ മുന്‍ എംഎല്‍എ ആയിരുന്ന ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയില്‍നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച പി.കെ. ശശി എല്‍ഡിഎഫിനെതിരെ ഒറ്റപ്പാലത്ത് വിമത സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചനയുണ്ട്.

സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് എടുക്കണമെന്ന ആവശ്യം പാര്‍ട്ടി തള്ളിയതിനെ തുടര്‍ന്നാണ് പി.കെ. ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതെന്നാണ് വിവരം. ഇതിന് പുറമെ തന്നോടൊപ്പം നടപടി നേരിട്ടവരെ തിരിച്ചെടുക്കണമെന്ന ശശിയുടെ ആവശ്യവും പാര്‍ട്ടി അംഗീകരിച്ചിരുന്നില്ല. നേരത്തെ പലതരത്തിലുള്ള സമവായ ചര്‍ച്ചകള്‍ പി.കെ. ശശിയുമായി സിപിഎം നടത്തിയിരുന്നു. ഇതിലൊന്നും പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നാണ് രാജിയെന്നാണ് വിവരം.

അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ സ്ഥിരീകരിക്കാന്‍ കോണ്‍ഗ്രസോ യുഡിഎഫ് നേതൃത്വമോ തയ്യാറായിട്ടില്ല. ഇതിനിടെ നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങള്‍ പി.കെ. ശശിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്നാണ് വിവരം.

പി.കെ. ശശി പാര്‍ട്ടി വിടുന്നത് ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍കാട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്റെ വിജയസാധ്യതകളെ ബാധിക്കുമോയെന്ന ആശങ്ക ചിലര്‍ക്കെങ്കിലുമുണ്ട്. ഈ മണ്ഡലങ്ങളില്‍ പാര്‍ട്ടിയില്‍ സ്വാധീനമുള്ള പി.കെ. ശശി വിമതനാകുന്നത് സിപിഎമ്മില്‍ പ്രശ്‌നമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നാണ് പി.കെ. ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ഇതിന് ശേഷം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. ഇതിന് പിന്നാലെയാണ് സാമ്പത്തിക ആരോപണങ്ങളുയര്‍ന്നത്. പിന്നീട് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ശശിക്കൊപ്പമുണ്ടായിരുന്ന പല പ്രവര്‍ത്തകര്‍ക്കും സഹകരണ മേഖലയില്‍ നിന്നടക്കം ജോലി നഷ്ടപ്പെട്ട സാഹചര്യവുമുണ്ടായി. അഴിമതി ആരോപണത്തിന് പുറമേ ലൈംഗിക പീഡന പരാതിയും നേരിട്ട സിപിഎം നേതാവാണ് പി കെ ശശി.

മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളടക്കം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടി നടപടി. കഴിഞ്ഞ കുറച്ചുനാളുകളായി പാര്‍ട്ടി നേതൃത്വവുമായി അകന്ന് നിന്ന ശശി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ജാഥയിലും പങ്കെടുത്തിരുന്നില്ല. യുഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്.

Read more