ചിന്തന്‍ ശിബിരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കാത്തത് അന്വേഷിക്കും: വി.ഡി സതീശന്‍

ചിന്തന്‍ ശിബിരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കാത്തത് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിമര്‍ശനം എല്ലായിടത്തും ഉണ്ടാകുമെന്നും സതീശന്‍ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രനും വി.എം.സുധീരനും അടക്കം ചില മുതിര്‍ന്ന നേതാക്കള്‍ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നിരുന്നു.

യുഡിഎഫ് വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിന് കോഴിക്കോട്ട് സമാപനം. ഇടതുമുന്നണിയില്‍ അതൃപ്തരായി തുടരുന്ന കക്ഷികളെ യുഡിഎഫിലെത്തിക്കാന്‍ നീക്കം നടത്തും. കെപിസിസി മുതല്‍ ബൂത്ത് തലം വരെ പുനസംഘടന ഉടന്‍ പൂര്‍ത്തിയാക്കും.

ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടി ഉറപ്പാക്കാന്‍ ഊന്നല്‍ നല്‍കും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ സീറ്റുകളിലും വിജയം നേടുകയാണ് ലക്ഷ്യമെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ നടത്തിയ ചിന്തന്‍ ശിബിരത്തിലെ നയ പ്രഖ്യാപനത്തില്‍ പറയുന്നു.

അഞ്ച് സെഷനുകളിലായി നടന്ന ചര്‍ച്ചകളില്‍ മിഷന്‍ 2024 എന്ന പേരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ചുളള ചര്‍ച്ചകള്‍ക്കായിരുന്നു ഊന്നല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആറു മാസം മുന്‍പ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി പ്രത്യേക കമ്മിറ്റി നിലവില്‍ വരും.