ഇ.ഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല; കിഫ്ബിയുടെ ആവശ്യം തള്ളി ഹൈക്കോടതി

മസാല ബോണ്ട് കേസുമായ ബന്ധപ്പെട്ട ഇ ഡി അന്വേഷണത്തിന് സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി. ഇ ഡിയുടെ സമന്‍സ് നല്ല ഉദ്ദേശത്തോടെ അല്ല. പ്രവര്‍ത്തനം തടസ്സപ്പെടുത്തലാണ് ലക്ഷ്യമെന്നും തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് കിഫ്ബി ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ കോടതി അംഗീകരിച്ചിട്ടില്ല. ഹര്‍ജി സെപ്റ്റംബര്‍ 2ന് വീണ്ടും പരിഗണിക്കും.

പണം വന്നത് നിയമവിരുദ്ധമായിട്ടയാണെന്ന് പറയാന്‍ കഴിയില്ല. ഇ ഡി സമന്‍സിന്റെ ലക്ഷ്യം കിഫ്ബിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ്. മസാല ബോണ്ടിന് ആര്‍ബിഐയുടെ അംഗീകാരം ഉണ്ടെന്നും ഫെമ ലംഘനം അന്വേഷിക്കേണ്ടത് റിസര്‍വ് ബാങ്കാണെന്നും കിഫ്ബി കോടതിയില്‍ വാദിച്ചു.

അതേസമയം കിഫ്ബി ഫെമ നിയമങ്ങള്‍ ലംഘിച്ചെന്ന് സംശയമുള്ളതായി ഇ ഡി കോടതിയെ അറിയിച്ചു. ഇതേ കുറിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും അതിന് കൂടുതല്‍ കൂടുതല്‍ സാവകാശം വേണമെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് അന്വേഷണം സ്റ്റേ ചെയ്യാതെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.

Read more

ഇ ഡി അന്വേഷണം ചോദ്യം ചെയ്ത് കിഫ്ബി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് വിജി അരുണ്‍ ആണ് പരിഗണിച്ചത്. ഫെമ നിയമ ലംഘനം ഇഡിയ്ക്ക് അന്വേഷിക്കാനാകില്ലെന്നും റിസര്‍വ്വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കണ്ടതെന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം. 2021 മുതല്‍ തുടര്‍ച്ചയായി സമന്‍സ് അയച്ച് ഇ ഡി കിഫ്ബിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്നതിന് ഇ.ഡി യുടെ പക്കല്‍ തെളിവുകളില്ല. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ ഇഡിയുടെ തുടര്‍ നടപടികള്‍ തടഞ്ഞ് ഇടക്കാല ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.