തല്‍ക്കാലം ലോഡ് ഷെഡ്ഡിംഗില്ല; ജനം സഹകരിച്ചാല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ ഉപഭോഗം നിയന്ത്രിച്ച് ജനം സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പവര്‍കട്ടോ ലോഡ്ഷെഡ്ഡിംഗോ തൽക്കാലം പരിഗണനയിലില്ലെന്ന് മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി നിർദേശം, എന്നാൽ ഉപഭോക്താക്കൾ സഹകരിച്ചാൽ നിയന്ത്രണം ഒഴിവാക്കാമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

വൈകുന്നേരം വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. വാഷിങ് മെഷീന്‍, ഗ്രൈന്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വൈകുന്നേരങ്ങളില്‍ ഉപയോഗിക്കാതിരുന്നാല്‍ മതി.

വീട്ടിൽ പത്തു ലൈറ്റ് ഉള്ളവര്‍ രണ്ടു ലൈറ്റെങ്കിലും അണച്ച് സഹകരിച്ചാല്‍ പ്രശ്നം പരിഹരിക്കാനാകുമെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3000 ടിഎംസി വെള്ളമുണ്ടായിട്ടും ജലസേചനത്തിനും വൈദ്യുതി ഉൽപാദനത്തിനും 300 ടിഎംസി മാത്രമാണ് ഉപയോഗിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ നാം പഠിക്കേണ്ട പാഠം ഉൽപ്പാദനമേഖലയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്നതാണെന്നും മന്ത്രി പറഞ്ഞു

മഴക്കുറവിനൊപ്പം വൈദ്യുതി വിനിയോഗ നിയന്ത്രണം അടക്കം വിലയിരുത്താൻ സെപ്തംബര്‍ നാലിന് വീണ്ടും അവലോകന യോഗം ചേരും. കുറഞ്ഞ ഉദ്പാദന നിരക്കും കൂടിയ ഉപഭോഗവുമായതോടെ അധിക വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയാണ് സംസ്ഥാനം നിലവിൽ മുന്നോട്ട് പോകുന്നത്. വൈദ്യുതി നിയന്ത്രണത്തിലേക്ക് കാര്യങ്ങൾ നീങ്ങാതിരിക്കാൻ ജനം സഹകരിക്കണമെന്ന് കെഎസ്ഇബി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാലും, രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും വൈദ്യുതി ക്ഷാമവും മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ ഉണ്ടായിട്ടുള്ള കുറവും കണക്കിലെടുത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി നേരത്തെ തന്നെ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

വൈദ്യുതി നിയന്ത്രണം എർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകുന്നേരം 7 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കണമെന്നാണ് ഉപഭോക്താക്കളോട് കെഎസ്ഇബിയുടെയും അഭ്യർത്ഥന.