'ആനി രാജയെ സംരക്ഷിക്കേണ്ട ബാദ്ധ്യതയില്ല'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിധവ വിവാദത്തില്‍ എംഎം മണിയെ വിമര്‍ശിച്ച സിപിഐ ദേശീയ നേതാവ് സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആനി രാജയുടെ നടപടി പാര്‍ട്ടി നിലപാടിന് ചേര്‍ന്നതല്ല. ദേശീയ സെക്രട്ടറിയേറ്റ് അംഗമായ നേതാവ് ഇക്കാര്യങ്ങള്‍ ഓര്‍ക്കേണ്ടതായിരുന്നെന്നും കാനം പറഞ്ഞു.

കേരളത്തിലെ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നു. സംസ്ഥാന നേതൃത്വവുമായ ചര്‍ച്ച ചെയ്യാതെ ആനി രാജ ഉന്നയിച്ച വിമര്‍ശനങ്ങളോട് സംസ്ഥാന നേതൃത്വം ഇപ്പോള്‍ പ്രതികരിക്കേണ്ടതില്ല. ആനി രാജയുടെ ഇത്തരം പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് നാഷണല്‍ എക്‌സിക്യൂട്ടീവിന് സംസ്ഥാന സെക്രട്ടറിയേറ്റ് കത്ത് നല്‍കിയിട്ടുണ്ടെന്നും കാനം വ്യക്തമാക്കി.

സമ്മേളനത്തില്‍ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് കാനം മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രിക്ക് ഇടത് മുഖമില്ലെന്നും ഇടതു സര്‍ക്കാരിനെ പിണറായി സര്‍ക്കാരെന്ന് ബ്രാന്‍ഡ് ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ജില്ലാ സമ്മേളനത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.

എല്‍ഡിഎഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ട ബാധ്യത സിപിഐക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും സമ്മേളനത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ആഭ്യന്തര വകുപ്പ് പരാജയമാണ്. പൊലീസിനെ നിലക്ക് നിര്‍ത്തണം. തിരുവനന്തപുരം മണ്ഡലം തിരിച്ചുപിടിക്കാന്‍ നേതൃത്വം ഇടപെടണം. സിപിഎം വിട്ടുവരുന്നവര്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ പരിഗണന നല്‍കണം. മെച്ചപ്പെട്ട പരിഗണന ലഭിച്ചാല്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് വരുമെന്നും സമ്മേളനത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നു.

പാരിസ്ഥിതിക പ്രശ്‌നങ്ങളിലെ ദുര്‍ബലമായ നിലപാടുകള്‍ക്ക് എതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി അംഗത്വം കൂടാത്തതില്‍ ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് വീഴ്ചയുണ്ടെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് വിലയിരുത്തി. ജനകീയ അടിത്തറ വിപുലമാക്കാനും ജനകീയ ഇടപെടലുകള്‍ ശക്തമാക്കാനും ബ്രാഞ്ച് കമ്മിറ്റികള്‍ തയ്യാറാകണമെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.