നിത്യച്ചെലവിന് പണമില്ല, കടം വാങ്ങി ശ്രീപത്മനാഭ സ്വാമിക്ഷേത്രം; വായ്പയായി സര്‍ക്കാര്‍ രണ്ടുകോടി നല്‍കി

ശതകോടികളുടെ ആസ്തിയുള്ള ശ്രീപത്മനാഭ സ്വാമിക്ഷേത്രം നിത്യദാന ചെലവിനായി പണം കടമെടുക്കുന്നു. കോവിഡിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ വരുമാനം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പണം കടമെടുക്കുന്നത്. ക്ഷേത്രത്തിന്റെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പലിശരഹിത വായ്പയായി രണ്ടുകോടി രൂപ അനുവദിച്ചു.

ചെലവിനെക്കാള്‍ കുറഞ്ഞ വരുമാനമായതിനാല്‍ ദൈനംദിന ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്ക് പണം ഇല്ലാത്ത അവസ്ഥയാണ്. ക്ഷേത്രത്തിന്റെ ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 10 കോടി രൂപ വായ്പ അനുവദിക്കണം എന്നും ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫീസര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2021 മേയില്‍ നല്‍കിയ കത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ കത്തിനെ തുടര്‍ന്നാണ് ഇപ്പോള്‍ രണ്ടുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് തുക അനുവദിച്ചത്. വായ്പ തിരിച്ചടക്കാന്‍ ഒരുവര്‍ഷത്തെ സാവകാശവും നല്‍കിയിട്ടുണ്ട്.

ക്ഷേത്രത്തിലെ ദൈനംദിന ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കായി ദിവസം നാലുലക്ഷം രൂപയോളം വേണ്ടി വരും. എന്നാല്‍ തീര്‍ത്ഥാടന കാലം ആയിട്ടുപോലും 2.5 ലക്ഷം രൂപ മാത്രമാണ് ദിവസവരുമാനമായി ലഭിക്കുന്നത്.