താന്‍ മോശപ്പെട്ട മനുഷ്യനാണോയെന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണെന്ന് റാപ്പര്‍ വേടന്‍. താന്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ആളാണ്. സര്‍ക്കാര്‍ വില്‍ക്കുന്ന മദ്യമാണ് താന്‍ വാങ്ങുന്നതെന്നും വേടന്‍ പറഞ്ഞു. തന്നെ കാണുന്ന കൊച്ചുകുട്ടികളില്‍ ഇത് സ്വാധീനം ചെലുത്തുന്നുണ്ട്. ആ കാര്യത്തില്‍ തന്നെ കണ്ട് സ്വാധീനിക്കപ്പെടരുതെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.
തന്നെ തിരുത്താന്‍ പരമാവധി ശ്രമിക്കുമെന്നും വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മദ്യപാനവും പുകവലിയും നിര്‍ത്താന്‍ ശ്രമിക്കും. താന്‍ മോശപ്പെട്ട മനുഷ്യനാണോയെന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ്. ഇരട്ട നീതി ഇന്ത്യന്‍ സമൂഹത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. അതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും വേടന്‍ പറഞ്ഞു.
മന്ത്രിയുടെ വാക്കുകളില്‍ അഭിപ്രായം പറയാന്‍ ആളല്ല. താന്‍ ഒരു കലാകാരനാണ്. വേടന്‍ പൊതുസ്വത്താണ്, ഒരു കലാകാരന്‍ പൊതുസ്വത്താണ്. ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുക എന്നുള്ളത് തന്റെ ജോലിയാണ്. അത് താന്‍ മരിക്കുന്നതുവരെ ചെയ്യും. സമൂഹത്തില്‍ എല്ലാവരും തുല്യരല്ല എന്നുള്ളത് എല്ലാവരുടെയും മനസില്‍ ഉണ്ടായിരിക്കണം. വിവേചനപൂര്‍ണമായ സമൂഹമാണ് നമ്മുടേത്. തന്റെ എഴുത്തും വായനയും പാട്ടുകളുമെല്ലാം ഇതിനെതിരെയുള്ള പോരാട്ടമാണെന്നും വേടന്‍ വ്യക്തമാക്കി.
രാഷ്ട്രീയ ബോധമുള്ള ഒരു യുവതയുടെ പ്രതിനിധി എന്ന നിലയില്‍ ഏറെ പ്രതീക്ഷയുള്ള കലാകാരനാണ് വേടനെന്നായിരുന്നു വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ വാക്കുകള്‍. വേടന്റെ അറസ്റ്റിനിടയാക്കിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു. വിവാദം സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമം നടന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടും. വേടന്‍ അറസ്റ്റിനിടയാക്കിയ സാഹചര്യങ്ങള്‍ തിരുത്തി തിരിച്ചുവരേണ്ടതുണ്ട്. അതിനായി സാമൂഹികവും സാംസ്‌കാരികവുമായ പിന്തുണയുമായി വനം വകുപ്പും വേടന്റെ ഒപ്പമുണ്ടാകുമെന്നും വനം വകുപ്പ് മന്ത്രി അറിയിച്ചു.
ഇക്കാര്യത്തില്‍ നിയമപരമായ ചില പ്രശ്‌നങ്ങള്‍ കൂടിയുണ്ട്. അത് അതിന്റേതായ മാര്‍ഗങ്ങളില്‍ നീങ്ങട്ടെ. വേടന്റെ ശക്തിയാര്‍ന്ന മടങ്ങിവരവിന് ആശംസകള്‍ നേരുന്നു. സാധാരണ കേസുകളില്‍ നിന്നും വ്യത്യസ്തമായി ഈ കേസുകള്‍ സംബന്ധിച്ച് അകാരണമായ ആശങ്ക സൃഷ്ടിക്കും വിധം ചില ദൃശ്യമാധ്യമങ്ങളോട് ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരണം നടത്തിയത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.