അച്ചടക്കലംഘനമില്ല; അഡ്വ.ജയശങ്കറിനെ തിരിച്ചെടുക്കാമെന്ന് സി.പി.ഐ

മുതിര്‍ന്ന അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ എ ജയശങ്കറിനെതിരായ അച്ചടക്കലംഘന നടപടി പിന്‍വലിച്ച് സിപിഐ. ടിവി ചര്‍ച്ചകളിലും സമൂഹ മാധ്യമങ്ങളിലും മുന്നണിക്കും പാര്‍ട്ടിക്കും എതിരായ പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന് കാട്ടിയായിരുന്നു ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ജയശങ്കര്‍ നല്‍കിയ പരാതിയില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് അംഗമായിരുന്നു ജയശങ്കര്‍. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് കാട്ടി ബ്രാഞ്ച് കമ്മിറ്റി തീരുമാനപ്രകാരമായിരുന്നു മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കേണ്ടെന്ന് തീരുമാനമെടുത്തത്. ജയശങ്കറിന്റെ പരാതിയില്‍ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അദ്ധ്യക്ഷന്‍ സി പി മുരളിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ജയശങ്കറിന്റെ ഭാഗത്ത് തെറ്റില്ലെന്ന് കണ്ടെത്തുകയായിരുന്നു. അംഗത്വം പുനഃസ്ഥാപിക്കണമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചു.