''എന്റെ ശൈലി, എന്റെ ശൈലി തന്നെയാണ്, ധാര്‍ഷ്ട്യം ആര്‍ക്കെന്ന് ജനങ്ങള്‍ വിലയിരുത്തട്ടെ, ഇവിടെവരെ എത്തിയത് ഈ ശൈലിയിലൂടെയാണ്', അതിനിയും തുടരുമെന്ന് മുഖ്യമന്ത്രി

തന്റെ ശൈലി മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. “ഞാനിവിടെ വരെ എത്തിയത് ഈ ശൈലിയിലൂടെയാണ്. അതിനിയും തുടരും. ആര്‍ക്കാണ് ധാര്‍ഷ്ട്യമെന്ന് ജനങ്ങള്‍ വിലയിരുത്തും.” തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്ന വേളയിൽ ശൈലി മാറ്റുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചടി താത്കാലികം മാത്രമാണ്. സ്ഥായിയായ ഫലമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. രാഹുല്‍ ഗാന്ധിയുടെ വരവ് വോട്ട് മറിയാന്‍ മറ്റൊരു കാരണമായി. രാഹുല്‍ കേരളത്തില്‍ വന്നത് പരാജയഭീതി കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില കാര്യങ്ങള്‍ പ്രചാരണ സമയത്ത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. മോദിയുടെ നേതൃത്വത്തിലുള്ള ഭരണം വീണ്ടും വരരുതെന്ന് ആഗ്രഹിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ട്. അതിലൊരു നല്ല വിഭാഗം ഞങ്ങള്‍ക്ക് വോട്ടു ചെയ്യുന്നവരുണ്ട്. അവര്‍ വിചാരിച്ചു കോണ്‍ഗ്രസാണ് കേന്ദ്രത്തില്‍ ഭരിക്കേണ്ടത്. അതുകൊണ്ട് കോണ്‍ഗ്രസിന് വോട്ടു ചെയ്യാമെന്ന്. അതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനാണ് കഴിയുകയെന്ന് ഒരു വിഭാഗം ചിന്തിച്ചു. തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കും. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച നിലപാട് തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. അങ്ങിനെയെങ്കില്‍ അതിന് ഗുണം കിട്ടേണ്ടത് ബി.ജെ.പിക്കായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം വിശ്വാസത്തിന്റെ പേരില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ ചില ശ്രമങ്ങള്‍ ഉണ്ടായി . ആ ശ്രമങ്ങളുടെ ഫലമായി എന്തെങ്കിലും സംഭവിച്ചുണ്ടോയെന്ന് അറിയില്ല. അത് വിശദമായി പരിശോധിക്കും. ബഹുജന പിന്തുണക്ക് ഉലച്ചില്‍ തട്ടാത്തതു കൊണ്ട് രാജിവെയ്ക്കേണ്ട കാര്യമില്ല. ജനവിധി സര്‍ക്കാരിനെതിരായ വിമര്‍ശനമല്ല.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. അമേഠിയില്‍ രാഹുല്‍ പരാജയപ്പെടുമെന്ന ഭീതി കൊണ്ടാണ് വയനാട്ടില്‍ വന്നത്. രാഹുല്‍ വന്നതോടെ ലോക്‌സഭയിലേക്ക് വരേണ്ടത് കോണ്‍ഗ്രസാണെന്ന ധാരണയില്‍ ഞങ്ങളുടെ വോട്ടുകള്‍ ചോര്‍ന്നു.